തിരുവനന്തപുരം: എറണാകുളത്ത് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നും വന്നയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഏറ്റവും അടത്ത സമ്പർക്കത്തിലുള്ളവരായിരുന്നു ഇവർ. ഒരാൾ സഹോദരനും മറ്റേയാൾ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയയാളുമാണ്. 7 ദിവസം വരെ ഇവർ കർശന നിരീക്ഷണത്തിലായിരിക്കും. ഇവർക്ക് രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കുന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം, ഹൈ-റിസ്‌ക് അല്ലാത്ത രാജ്യത്തിൽ നിന്നും വന്നയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചിരുന്നു. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകൾ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും വീണാ ജോർജ് അറിയിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഒമിക്രോൺ സാഹചര്യത്തിൽ വാക്‌സിനേഷൻ ഡ്രൈവ് ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും പ്രത്യേക വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കും. വാക്‌സിൻ എടുക്കാത്തവർ ഉടൻ തന്നെ വാക്‌സിൻ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
















Comments