ലക്‌നൗ : ഇസ്ലാമിക സംഘടനകളായ പോപ്പുലർ ഫ്രണ്ടിനെയും തബ്ലീഗ് ജമാഅത്തിനെയും രാജ്യത്ത് നിരോധിക്കണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത്. തബ്ലീഗ് ജമാഅത്ത്, ഇജ്‌തെമ ഉൾപ്പെടെയുള്ള സംഘടനകൾക്ക് പിന്തുണ നൽകുന്നതും ഭീകരവാദം വളർത്തുന്നതും പോപ്പുലർ ഫ്രണ്ട് ആണ്. ഉത്തർപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക കേന്ദ്രമായ ദാരുൾ ഉലൂം ദിയോബന്ദിനെയും നിരോധിക്കണമെന്നും വിഎച്ച്പി പറഞ്ഞു.
തബ്ലീഗ് ജമാഅത്ത് തീവ്ര ഇസ്ലാമിക ജിഹാദിസത്തിലേക്ക് നീങ്ങുകയാണ്. ആഗോള തലത്തിൽ ഭീകരത വളർത്താനും തബ്ലീഗ് ജമാഅത്ത് കൂട്ടുനിൽക്കുന്നു. അതിനാൽ അവരുടെ സാമ്പത്തിക ശ്രോതസ്സിൽ അന്വേഷണം നടത്തണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. ഡൽഹി ആസ്ഥാനമായ നിസാമുദ്ദീൻ മർക്കാസ് പള്ളി അടച്ചുപൂട്ടുകയും, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയും വേണം. പോപ്പുലർ ഫ്രണ്ട്, ദാരുൾ ഉലൂം എന്നിവുമായി ബന്ധമുള്ള എല്ലാ സംഘടനകളും നിരോധിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
തബ്ലീഗ് ജമാഅത്തിന് സൗദി അറേബ്യ അടുത്തിടെ നിരോധനമേർപ്പെടുത്തിയിരുന്നു. തബ്ലീഗ് ഗ്രൂപ്പിന്റെ പ്രവർത്തനം ശരിയായ പാതയിലല്ലെന്നും, അപകടത്തിലേക്കും തീവ്രവാദത്തിലേക്കുമാണ് അത് നയിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടനയെ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി രംഗത്തെത്തിയിരിക്കുന്നത്.
















Comments