തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം ഏഴായി. യുഎഇയിൽ നിന്നെത്തിയ ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഡിസംബർ 8ന് സംസ്ഥാനത്തെത്തിയ 68 വയസുള്ള ഭർത്താവിനും 67 വയസുള്ള ഭാര്യക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഷാർജയിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ കേരളത്തിലെത്തിയത്. കേന്ദ്ര സർക്കാരിന്റെ മാർഗ നിർദ്ദേശ പ്രകാരം യുഎഇ ഹൈ-റിസ്‌ക് പട്ടികയിൽ ഇല്ലാത്തതിനാൽ സ്വയം നിരീക്ഷണത്തിലായിരുന്നു ഇവർ.
സ്വയം നിരീക്ഷണത്തിൽ കഴിയുമ്പോഴാണ് ദമ്പതികൾക്ക് കൊറോണ ലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ ജീനോം പരിശോധനയിലാണ് ഒമിക്രോൺ വകഭേദമാണെന്ന് കണ്ടെത്തിയത്.
68കാരന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആറ് പേരാണുള്ളത്. ഭാര്യയുടെ സമ്പർക്ക പട്ടികയിൽ ഒരാളുമാണ് ഉള്ളത്. ആകെ 54 യാത്രക്കാരാണ് ഇവർ എത്തിയ വിമാനത്തിലുണ്ടായിരുന്നത്. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി പരിശോധനയ്‌ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
















Comments