ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രഖ്യാപിച്ചതോടെ രാജ്യത്തെമ്പാടും ഒരു വിഭാഗം ആളുകൾ മുറവിളി കൂട്ടി രംഗത്തെത്തിയിരിക്കുകയാണ്. ലീഗ് ഉൾപ്പടെ സംസ്ഥാന-അഖിലേന്ത്യാ തലത്തിലെ ഒട്ടുമിക്ക മുസ്ലീം സംഘടനകളും രംഗത്തെത്തിയപ്പോൾ വിചിത്രമായി പ്രതികരിച്ച് സിപിഎം പോലും വിയോജിപ്പ് രേഖപ്പെടുത്തി.
സ്ത്രീശാക്തീകരണത്തിന് സഹായിക്കുന്നതല്ലെന്ന നിരീക്ഷണത്തോടെ സിഎമ്മിന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ സമാന പ്രതികരണവുമായാണ് ഇടതുനേതാക്കളായ ബൃന്ദ കാരാട്ടും ആനി രാജയും രേഖപ്പെടുത്തിയത്. പല സമാജ്‌വാദി പാർട്ടി നേതാക്കളും ഇതേ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ എഐഎംഐഎമ്മും മാറി നിൽക്കുന്നില്ലെന്ന് തെളിയിക്കുകയാണ്.
വിവാഹ പ്രായം 21ലേക്ക് ഉയർത്തുന്നത് തീർത്തും അസംബന്ധവും പിതാവ് ചമയലുമാകുമെന്നാണ് അസദുദ്ദീൻ ഒവൈസിയുടെ പ്രതികരണം. പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതിന് പകരം ആണിനും പെണ്ണിനും വിവാഹം കഴിക്കാനുള്ള അനുമതി 18-ാം വയസ് മുതൽ നൽകണമെന്നാണ് ഒവൈസിയുടെ അഭിപ്രായം. നിയമത്തിന് മുന്നിൽ പ്രായപൂർത്തിയാകുന്ന പ്രായത്തിൽ രണ്ട് വിഭാഗക്കാർക്കും വിവാഹം കഴിക്കാൻ അനുമതി കിട്ടണമെന്നും ഇത്തരത്തിലാണ് ഒരു മാറ്റം വരേണ്ടതെന്നും എഐഎംഐഎം അദ്ധ്യക്ഷൻ പ്രതികരിച്ചു.
സർക്കാർ സമൂഹത്തിന് മുമ്പിൽ പിതാവ് ചമയുകയാണ്. 18 തികയുന്ന ഒരാൾക്ക് കരാറിൽ ഒപ്പിടാം, ബിസിനസ് ആരംഭിക്കാം, പ്രധാനമന്ത്രിയെ നിശ്ചയിക്കാം, ജനപ്രതിനിധികളെ തിരഞ്ഞെടുക്കാം.. പക്ഷേ കല്യാണം കഴിക്കാൻ മാത്രം സാധിക്കില്ലെന്നും അസദുദ്ദീൻ ഒവൈസി ട്വിറ്ററിലൂടെ പറഞ്ഞു.
















Comments