തൃശ്ശൂർ: അരനൂറ്റാണ്ടിലേറെ ഗുരുവായൂർ കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച ഗജരത്‌നം ഗുരുവായൂർ പത്മനാഭന്റെ പ്രതിമ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അനാച്ഛാദനം ചെയ്തു. ക്ഷേത്രാങ്കണത്തിലെ ശ്രീവത്സം ഗസ്റ്റ് ഹൗസിനു മുന്നിൽ ഗുരുവായൂർ കേശവന്റെ പ്രതിമക്ക് എതിർവശത്തായാണ് പത്മനാഭന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തിൽ ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ്, എംഎൽഎ എൻ.കെ അക്ബർ തുടങ്ങിയവർ പങ്കെടുത്തു. നന്ദിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്ദിലത്തും സുഹൃത്തുക്കളും ചേർന്നാണ് പത്മനാഭന്റെ പ്രതിമ സമർപ്പിച്ചത്. 12 അടി ഉരത്തിൽ സിമന്റിൽ തീർത്ത ശിൽപം 3 മാസം കൊണ്ടാണ് പൂർത്തീകരിച്ചത്. ശിൽപി എളവള്ളി നന്ദന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണം.
കേരളത്തിലെ ആയിരക്കണക്കിന് ആനപ്രേമികളുടെയും ലക്ഷക്കണക്കിന് ഭക്തരുടെയും ആരാധനപാത്രമായിരുന്നു ഗജവീരൻ ഗുരുവായൂർ പത്മനാഭൻ. കേശവനെ പോലെ തന്നെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഗജവീരനായിരുന്നു പത്മനാഭൻ. 1954 ജനുവരി 18നാണ് പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്. 2020 ഫെബ്രുവരി 26നാണ് പത്മനാഭൻ ചരിഞ്ഞത്.
















Comments