വയനാട്: കുറുക്കൻമൂലയിൽ കടുവയുയെ പുതിയ കാൽപ്പാടുകൾ കണ്ടെത്തി. അരമണിക്കൂർ മാത്രം പഴക്കമുള്ള കാൽപ്പാടാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കാടിനോടു ചേർന്നുള്ള ജനവാസമേഖലയിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്.
വളർത്തുനായ്‌ക്കൾ കൂട്ടത്തോടെ കുരയ്‌ക്കുന്നത് കേട്ട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. മേഖലയിൽ തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസവും ജനവാസമേഖലയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു.
അതേസമയം, 20 ദിവസത്തോളമായി കടുവ കുറുക്കൻമൂലയിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. കടുവയെ തിരയുന്നതിനായി സ്ഥലത്ത് പോലീസും വനംവകുപ്പും ക്യമ്പ് ചെയ്തിട്ടുണ്ട്. തിരച്ചിലിനായി മുത്തങ്ങയിൽ പ്രത്യേക പരിശീലനം ലഭിച്ച കുങ്കി ആനകളെയാണ് എത്തിച്ചിരിക്കുന്നത്. പ്രദേശത്ത് ഡ്രോൺ നിരീക്ഷണവും ശക്തമാണ്.
ഇതുവരെ 16 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. ജനവാസമേഖലയിൽ കടുവയുടെ സാന്നിധ്യം നിലനിൽക്കുന്നതുകൊണ്ട് തന്നെ മാനന്തവാടി മേഖലയിലെ എട്ട് വാർഡിൽ നിരോധനാജ്ഞ തുടരുകയാണ്.
















Comments