തിരുവനന്തപുരം: വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഡിസംബർ 21 മുതൽ ബസുടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചിരുന്ന ബസ് സമരം മാറ്റിവെച്ചു. യാത്ര നിരക്കു വർധനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെച്ചതെന്ന് ബസ് ഉടമ സംയുക്തസമിതി നേതാക്കൾ അറിയിച്ചു.
നേതാക്കൾ രാവിലെ നടത്തിയ യോഗത്തിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ക്രിസ്മസ്‌ക്കാലമായതിനാൽ, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് തിരിച്ചറിഞ്ഞതിനാലുമാണ് സമരം മാറ്റിവെക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. യോഗത്തിൽ ബസ് ഉടമ സംയുക്തസമിതി ചെയർമാൻ ലാറൻസ് ബാബു, ജനറൽ കൺവീനർ ഗോപിനാഥൻ ടി, വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ് എന്നിവർ പങ്കെടുത്തിരുന്നു.
വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനയടക്കമുള്ള ആവശ്യങ്ങൾ സർക്കാരിനെ അറിയിച്ച് ഒരു മാസം കഴിഞ്ഞിട്ടും തീരുമാനം എടുക്കാൻ അധികാരികൾ മുതിർന്നില്ലെന്ന് ആരോപിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് സൗജന്യം നൽകണമെങ്കിൽ ടാക്‌സിൽ ഇളവ് നൽകണം, അല്ലെങ്കിൽ ഡീസലിന് സബ്‌സിഡി നൽകണമെന്നതാണ് ബസ് ഉടമകളുടെ ആവശ്യം. സർക്കാർ ഇത് പരിഗണിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ഡിസംബർ ആദ്യവാരംതന്നെ ബസ് ഉടമകൾ വ്യക്തമാക്കിയിരുന്നു.
















Comments