തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയിലും കണ്ണൂർ വി.സി നിയമനത്തിൽ ഗവർണറെ സ്വാധീനിക്കാൻ ശ്രമിച്ച വിഷയത്തിലും യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം. ഇന്നലെ എബിവിപി പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവമോർച്ച പ്രതിഷേധക്കാരെയും ബലം പ്രയോഗിച്ച് നേരിടാൻ പോലീസ് ശ്രമിച്ചത്.
ഇതിനിടെ യുവമോർച്ച പ്രവർത്തകരിൽ ഒരാളെ ബലം പ്രയോഗിച്ച് പോലീസ് പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രവർത്തകർ ചെറുത്തതോടെയാണ് സംഘർഷ സ്ഥിതിയിലേക്ക് നീങ്ങിയത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് സംഘർഷത്തിന് അയവുണ്ടാക്കിയത്. പ്രവർത്തകർ പിന്നീട് ഇവിടെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു.
മന്ത്രി ആർ ബിന്ദു നടത്തിയത് പച്ചയായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവരുടെ രാജി ആവശ്യപ്പെടണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. എബിവിപിയുടെ സമരത്തെ പോലീസ് നിഷ്ഠൂരമായിട്ടാണ് തല്ലി ചതച്ചത്. എല്ലാവരുടെയും നികുതിപണം കൊണ്ടാണ് ശമ്പളം നൽകുന്നതെന്ന് പോലീസ് ഓർക്കണമെന്നും പ്രഫുൽകൃഷ്ണൻ പറഞ്ഞു.
കാക്കിക്കുളളിൽ കമ്യൂണിസ്റ്റ് രക്തമാണ് തിളയ്‌ക്കുന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ ഉത്തരവ് അനുസരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്. പോലീസ് അതിക്രമത്തിനിടെ ഗുരുതരാവസ്ഥയിലായ നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് പോലും ഏർപ്പാടാക്കി നൽകിയില്ലെന്നും പ്രഫുൽ കൃഷ്ണൻ ചൂണ്ടിക്കാട്ടി.
ഇങ്ങനെ പോയാൽ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കേരളത്തിലെ തെരുവുകളിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത രീതിയിലേക്ക് എത്തുമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
















Comments