തിരുവനന്തപുരം; ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും പാർട്ടി പ്രവർത്തകനുമായ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം അതിദാരുണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വലിയ തോതിലുള്ള ഗൂഡാലോചനയും ആസൂത്രണവും രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിലുണ്ട്. ഒരു ക്രിമിനൽ കേസിൽ പോലും പ്രതിയല്ലാത്ത, നാട്ടിലെ ജനസ്വാധീനമുള്ള ബിജെപി നേതാക്കളിൽ ഒരാളായ രഞ്ജിത്തിനെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുകയാണ് പോപ്പുലർഫ്രണ്ട് ചെയ്തതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മൂന്ന് ബിജെപി-ആർഎസ്എസ് നേതാക്കളെയാണ് പോപ്പുലർഫ്രണ്ടിന്റെ ക്രിമിനൽ സംഘം കൊലപ്പെടുത്തിയത്. വർഗീയ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പോപ്പുലർ ഫ്രണ്ട് കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തിൽ പ്രവർത്തിക്കുകയാണ്. വലിയ തോതിലുള്ള ഭീകരപ്രവർത്തനവും ആയുധ പരിശീലനവും പോപ്പുലർഫ്രണ്ട് കേരളത്തിൽ നടത്തുന്നുണ്ട്. സമാധാനാന്തരീക്ഷം തകർക്കുകയെന്ന ഗൂഢ ഉദ്ദേശ്യമാണ് ഇതിന് പിന്നിലുള്ളത്.
ആയിരക്കണക്കിന് ആളുകളെ പരിശീലിപ്പിച്ച് കേരളത്തിൽ താലിബാൻ മാതൃക നടപ്പിലാക്കുകയാണ് പിഎഫ്‌ഐ. സിപിഎമ്മിന്റെയും പോലീസിന്റെയും സഹായത്തോടെയാണിത്. ഇത്രയും പ്രകോപനപരമായ നിലപാടുകളിലേക്ക് നീങ്ങാൻ പിഎഫ്‌ഐയ്‌ക്ക് ധൈര്യം ലഭിക്കുന്നത് പിണറായി പോലീസിന്റെയും സിപിഎം നേതാക്കളുടെയും പിന്തുണ ലഭിക്കുന്നതിനാലാണ്. പാലക്കാട് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ പോലീസ് പരാജയപ്പെട്ടു. കൊലപാതകം ആസൂത്രണം ചെയ്തവരെ പോലീസ് സംരക്ഷിച്ചു. പോലീസ് കൊലയാളികളോടൊപ്പം നിന്നു. സംഭവത്തിന് ഒരാഴ്ച മുമ്പ് നടന്ന ചാവക്കാട്ടെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിലും പോലീസ് എടുത്തത് സമാന നിലപാടാണ്.
ആലപ്പുഴയിൽ കഴിഞ്ഞ ആറ് മാസം മുമ്പ് നന്ദു എന്ന ആർഎസ്എസ് പ്രവർത്തകനെ അതിക്രൂരമായി പോപ്പുലർഫ്രണ്ട് കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിൽ പങ്കാളികളായ അഞ്ച് പ്രതികളെ പോലീസ് ഇനിയും പിടികൂടിയിട്ടില്ല. ഇപ്പോൾ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിലേക്ക് നയിക്കാൻ പോപ്പുലർഫ്രണ്ടിന് ധൈര്യം ലഭിച്ചത് പോലീസിന്റെയും സർക്കാരിന്റെയും സഹായം അവർക്ക് ലഭിക്കുമെന്നതിനാലാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കേവലം ബിജെപി-ആർഎസ്എസ് നേതാക്കളെ മാത്രം ലക്ഷ്യം വെച്ചുള്ള അക്രമമല്ലിത് മറിച്ച് ഒരു സമൂഹത്തിന് നേരെ തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. ഉന്നത നേതാക്കളുടെ അറിവോടെയാണ് ഗൂഢാലോചന നടന്നിരിക്കുന്നതും ജനങ്ങളെ ചേരിതിരിച്ച് കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ പോപ്പുലർഫ്രണ്ട് നടത്തുന്ന അതിക്രമങ്ങളെ തടയാൻ പോലീസിന് സാധക്കുന്നില്ലെങ്കിൽ അത് വ്യക്തമാക്കണം. അക്കാര്യം കേന്ദ്രത്തെ അറിയിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതികരിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രി ഇപ്പോൾ ആലപ്പുഴയിൽ രണ്ട് കൊലപാതകങ്ങൾ സംഭവിച്ചപ്പോൾ അപലപിച്ച് എത്തിയിരിക്കുകയാണ്. പോപ്പുലർഫ്രണ്ടിനെയും ആർഎസ്എസിനെയും ഒരുപോലെ ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ ശ്രമം. വർഗീയ ശക്തികൾക്കെതിരെ ആത്മാർത്ഥതമായി പ്രവർത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ പല നഗരസഭകളിലുമുള്ള സിപിഎം-എസ്ഡിപിഐ സഖ്യം അവസാനിപ്പിക്കാൻ ആദ്യ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
















Comments