ന്യൂഡൽഹി: അഫ്ഗാൻ ജനതയ്‌ക്കായി എന്തുസഹായവും എത്തിക്കാൻ തയ്യാറാണെന്ന് എസ്.ജയശങ്കർ. ഭീകരത ഇല്ലാതാക്കുകയും സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ഉറപ്പുവരുത്തുന്ന നയം താലിബാൻ സ്വീകരിക്കണമെന്ന നിലപാട് വ്യക്തമാക്കി ഇന്ത്യ. മദ്ധ്യേഷ്യൻ രാജ്യങ്ങളുടെ സമ്മേളനത്തിലാണ് ജയശങ്കർ നയം വ്യക്തമാക്കിയത്. എല്ലാ മദ്ധ്യേഷ്യൻ രാജ്യങ്ങളും അഫ്ഗാനിലെ ജനങ്ങളെ സഹായിക്കാനായി ഒരു കർമ്മപദ്ധതി തയ്യാറാക്കണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
മദ്ധ്യേഷ്യൻ രാജ്യങ്ങളുടെ മൂന്നാമത് സമ്മേളനമാണ് ഇന്ത്യയിൽ നടക്കുന്നത്. രാജ്യങ്ങൾ ക്കിടയിലെ വാണിജ്യ വ്യാപാര വികസന കൂട്ടായ്മകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് സമ്മേളനത്തിലൂടെ ഉദ്ദേശിക്കുന്നത്. മേഖലയിൽ നിരന്തരമായ ഭീകരതയാൽ കൊടും ദാരിദ്ര്യത്തിലേക്ക് വീണിരിക്കുന്ന അഫ്ഗാൻ വിഷയത്തിൽ ഇന്ത്യ ഏറെ ആശങ്കാകു ലരാണെന്നും എല്ലാവരും സംയുക്തമായി അഫ്ഗാനെ സഹായിക്കുകയാണ് വേണ്ടതെന്നും ജയശങ്കർ ആവർത്തിച്ചു.
അഫ്ഗാൻ വിഷയത്തിൽ മേഖലയിൽ ജനാധിപത്യം പുലരാൻ വിഘാതമായി നിലനിൽക്കുന്ന അന്തരീക്ഷം മാറണമെന്ന് നയം ഇന്ത്യ ആവർത്തിച്ചു.അതിന് നിലവിലെ അഫ്ഗാൻ താലിബാൻ ഭരണകൂടം ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. മയക്കുമരുന്ന് കടത്തും വ്യാപകമാണ്. ഒപ്പം ന്യൂനപക്ഷങ്ങളോടും സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന ക്രൂരതയും നിർത്തലാക്കണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു.
തുർക്മേനിസ്ഥാൻ, കസാഖിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്‌ബക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
















Comments