ആലപ്പുഴ: ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ തീരുമാനിച്ചിരുന്ന സർവ്വകക്ഷിയോഗം നാളത്തേക്ക് മാറ്റി. യോഗത്തിന്റെ സമയം പിന്നീട് അറിയിക്കുമെന്ന് കളക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകനായ രഞ്ജിത്ത് ശ്രീനിവാസന്റെ ശവസംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ച സമയത്തായിരുന്നു സർവ്വകക്ഷിയോഗം നിശ്ചയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. സമയം തീരുമാനിച്ചത് കൂടിയാലോചന ഇല്ലാതെയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തിന്റെ സമയം മാറ്റിയത്.
ഇന്നലെ പോസ്റ്റുമോർട്ടം കഴിഞ്ഞ് ഇന്നലെ തന്നെ രഞ്ജിത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്നായിരുന്നു ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം നടപടികൾ നീണ്ടു പോയതോടെയാണ് സംസ്‌കാരചടങ്ങുകൾ ഇന്ന് വൈകിട്ടത്തേക്ക് തീരുമാനിച്ചത്. സമാധാന യോഗത്തിന് തങ്ങൾ എതിരല്ലെന്നും, ഇന്ന് രാത്രിയോ നാളെയോ യോഗം നടത്തിയാൽ എല്ലാവർക്കും പങ്കെടുക്കാനാകുമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.
ആലപ്പുഴ കളക്ട്രേറ്റിൽ സജി ചെറിയാന്റെയും പി.പ്രസാദിന്റെയും നേതൃത്വത്തിലാണ് സർവ്വകക്ഷി സമാധാന യോഗം തീരുമാനിച്ചിരിക്കുന്നത്. അതേസമയം ആലപ്പുഴ ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെയും, രഞ്ജിത്തിന്റേയും കൊലപാതകം നാല് സംഘങ്ങളാണ് അന്വേഷിക്കുന്നത്.
















Comments