മുംബൈ : പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് താരം ഡൽഹിയിലെ ഓഫീസിലെത്തിയത്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിലാണ് ചോദ്യം ചെയ്യൽ.
പനാമ രേഖകളിലൂടെ പുറത്തുവന്ന വിവരങ്ങൾ അന്വേഷിക്കുന്ന ഇഡി, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘമാണ് ഐശ്വര്യ റായിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ഇത് മൂന്നാം തവണയാണ് ഐശ്വര്യക്ക് ഇഡി നോട്ടീസ് നൽകുന്നത്. രണ്ട് തവണ കേസുമായി ബന്ധപ്പെട്ട് ഐശ്വര്യയ്‌ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.
വിവിധ ലോക നേതാക്കളും രാഷ്‌ട്രീയ പ്രമുഖരും ഇന്ത്യയിൽ നിന്നുള്ള ബോളിവുഡ് താരങ്ങളും കായിക താരങ്ങളും വിദേശ അക്കൗണ്ടുകൾ തുടങ്ങുകയും വൻ തോതിൽ വികുതി വെട്ടിച്ച് നിക്ഷേപം നടത്തുകയും ചെയ്തുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയിൽ നിന്നുള്ള 300 ഓളം പേർ പനാമ രേഖകളിൽ ഉൾപ്പെട്ടിരുന്നു.
ഐശ്വര്യറായ്‌ക്ക് പുറമേ ഭർതൃപിതാവും ബോളിവുഡ് നടനുമായ അമിതാഭ് ബച്ചനും അനധികൃത സാമ്പത്തിക ഇടപാട് നടത്തിയതായി പനാമ രേഖകളിൽ പറയുന്നു. അമിതാഭ് ബച്ചനെയും ഇഡി അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചേക്കാമെന്നാണ് സൂചന. 2016 ലാണ് ജർമ്മൻ പത്രമായ സ്വിദ്വദ് സെയ്തുംഗ് പനാമ പേപ്പർ പുറത്തുവിട്ടത്.
Comments