ധർമ്മശാല : ടിബറ്റ് ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഹിമാചൽ പ്രദേശിലെ കങ്ക്ര ജില്ലയിലുള്ള ധർമ്മശാലയിലെ ദലൈലാമയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ദലൈലാമയ്‌ക്കും ടിബറ്റൻ ജനതയ്‌ക്കും രാജ്യം നൽകിയ ആതിത്ഥേയത്വത്തിനും പിന്തുണയ്‌ക്കും കേന്ദ്ര സർക്കാരിനോടും ജനങ്ങളോടും തങ്ങൾ കടപ്പെട്ടിരിക്കുന്നതായി ടിബറ്റൻ നേതാക്കൾ അറിയിച്ചു. ടിബറ്റിന് എല്ലാ പിന്തുണയും നൽകുമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. മതസൗഹാർദ്ദത്തിന്റെ മാതൃകയാണ് ഇന്ത്യയെന്നും രാജ്യം അത് ലോകത്തെ അറിയിക്കണമെന്നും ദലൈലാമ കൂടിക്കാഴ്ചയിൽ അറിയിച്ചു. ഇന്ദ്രേഷ് കുമാറാണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
കാങ്ക്രയിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് മോഹൻ ഭാഗവത്. രാജ്യത്ത് നിന്നും കടത്തപ്പെട്ട ടിബറ്റൻ പ്രസിഡന്റ് പെൻപ സെറിംഗ് പങ്കെടുത്ത സെമിനാറിൽ മോഹൻ ഭാഗവത് അതിഥിയായിരുന്നു. കൊറോണ മഹാമാരിക്ക് ശേഷം അടുത്തിടെയാണ് ദലൈലാമ നേരിട്ട് കൂടിക്കാഴ്ച നടത്താൻ അനുമതി നൽകിയത്. ഇത്തരത്തിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് മോഹൻ ഭാഗവത്.
Comments