തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ പ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാൻ പോലീസിന് സഹായകമായത് കണ്ടക്ടർ നൽകിയ ഫോട്ടോയെന്ന് റിപ്പോർട്ട്. ഒട്ടകം രാജേഷിന്റെ ഫോട്ടോയെടുത്ത് കെഎസ്ആർടിസി ബസ് കണ്ടക്ടർ നൽകിയതിന് പിന്നാലെപോലീസിന് ഇയാളെ പിടികൂടാനായെന്നാണ് വിവരം.
പഴനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസിൽ വരുമ്പോഴായിരുന്നു ഒട്ടകം രാജേഷ് പിടിയിലായത്. കൊല്ലം ബസ് സ്റ്റൻഡിൽ വെച്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകം നടന്ന് പത്താം ദിവസമാണ് ഇയാൾ പിടിയിലാകുന്നത്.
ഒട്ടകം രാജേഷിനെ പിടികൂടാനുള്ള ശ്രമത്തിനിടെ യുവ പോലീസുകാരൻ വെള്ളത്തിൽ വീണ് മരിച്ചതും വലിയ വാർത്തയായിരുന്നു. അന്വേഷണം പുരോഗമിക്കവെ തിങ്കളാഴ്ച രാവിലെയാണ് രാജേഷ് പിടിയിലായത്. ഇതിന് പിന്നാലെ രാജേഷുമായി പോലീസ് തെളിവെടുപ്പും നടത്തി.
കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി തെളിവെടുപ്പിൽ പോലീസ് കണ്ടെത്തിയിരുന്നു. ചിറയൻകീഴ് ശാസ്തവട്ടത്ത് നിന്നാണ് കണ്ടെത്തിയത്. വധശ്രമക്കേസിലെ പ്രതിയായിരുന്ന സുധീഷിനെ കൊലപ്പെടുത്തുകയും കാലുവെട്ടി റോഡിലെറിയുകയും ചെയ്ത കേസിലെ മുഖ്യപ്രതിയാണ് ഒട്ടകം രാജേഷ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 11 പേർ ഇതുവരെ പോലീസ് പിടിയിലായിട്ടുണ്ട്.
















Comments