ഗുവാഹത്തി : അസമിൽ ബിജെപിക്ക് പരസ്യമായി പിന്തുണയറിയിച്ച് കോൺഗ്രസ് നേതാവ്. കോൺഗ്രസ് എംഎൽഎ ശശികാന്ത ദാസ് ആണ് മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മയ്‌ക്കും ബിജെപിക്കും രാഷ്‌ട്രീയ പിന്തുണയറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ ശശികാന്ത ദാസ് ബിജെപി അംഗത്വം സ്വീകരിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അസമിൽ ബിജെപി സർക്കാർ നടത്തിവരുന്ന വികസന പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് എംഎൽഎ പൂർണ പിന്തുണയറിയിച്ചിട്ടുണ്ടെന്ന് ഹിമന്ത ബിസ്വ ശർമ്മ ട്വിറ്ററിൽ കുറിച്ചു. സർക്കാരിന്റെ മാതൃകാപരമായ ഭരണത്തിന്റെ മികച്ച ഉദാഹരണമാണിത്. താനും അസം ബിജെപി അദ്ധ്യക്ഷൻ ബാബേഷ് കാലിതയും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ നിയോജക മണ്ഡലത്തിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും ബിജെപിക്ക് പിന്തുണ നൽകിക്കൊണ്ട് താൻ കോൺഗ്രസിൽ തന്നെ തുടരുമെന്നും ശശികാന്ത ദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ കോൺഗ്രസിന്റെ തകർച്ച കൂടുതൽ പരസ്യപ്പെടുത്തുന്നതാണ് പാർട്ടിനേതാവിന്റെ ഈ തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്ത് പോലും കോൺഗ്രസിന് വിജയിക്കാൻ സാധിക്കാതിരുന്നത് പാർട്ടി നേതൃത്വത്തെ ഉൾപ്പെടെ ബാധിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടി പരാജയപ്പെട്ടാൽ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ നിന്നും കോൺഗ്രസ് തുടച്ചുനീക്കപ്പെടുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
















Comments