തിരുവനന്തപുരം: നാളുകളായി തുടരുന്ന പച്ചക്കറി വിലവർദ്ധനവ് തടയാൻ നടപടിയുമായി കൃഷി വകുപ്പ്. ഇനിമുതൽ ഇടനിലക്കാരില്ലാതെ തമിഴ്‌നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാനാണ് തീരമാനം. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഹോർട്ടികോർപ്പ് ഒപ്പിട്ടു.
ധാരണാപത്രത്തിൽ ഒപ്പിട്ടതോടെ തെങ്കാശിയിലെ കർഷകരിൽ നിന്ന് തമിഴ്‌നാട് അഗ്രി മാർക്കറ്റിങ് വകുപ്പ് നിശ്ചയിക്കുന്ന വിലയ്‌ക്ക് കേരളത്തിന് പച്ചക്കറി സംഭരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11 മാസത്തേക്ക് പച്ചക്കറി സംഭരിക്കാനുള്ള താൽക്കാലിക ധാരണാപത്രമാണ് കർഷക പ്രതിനിധികൾ ഉൾപ്പെടെ ഒപ്പിട്ടത്.
ഹോർട്ടികോർപ് ആവശ്യപ്പെടുന്ന പച്ചക്കറികൾ കർഷക സമിതികൾ അടുത്ത ദിവസങ്ങളിൽ തന്നെ സംഭരിച്ച് നൽകണം. ഇതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി എത്രയും പെട്ടെന്ന് തന്നെ കേരളത്തിലെത്തിക്കാനാണ് പദ്ധതി. പച്ചക്കറി വില കുത്തിച്ചുയരുന്നത് കണ്ടാണ് കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്നതിന് കൃഷിവകുപ്പ് നടപടി എടുത്തത്.
















Comments