ആലപ്പുഴ : ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ബാർ കൗൺസിൽ. ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി. കേസിൽ പോലീസിനോട് നടപടി ആവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. കേസിൽ ഇതുവരെ 12 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
രഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആലപ്പുഴ നഗരസഭാ കൗൺസിലറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്ഡിപിഐ നേതാവ് കൂടിയായ സലിം മുല്ലാത്തിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം. വീട്ടിൽ കയറി ഭാര്യയ്‌ക്കു മക്കൾക്കും മുന്നിൽ വെച്ച് കൊലപ്പെടുത്തിയിട്ടും പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിക്കാത്തതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
അതിനിടെ ആലപ്പുഴ ജില്ലയിലെ നിരോധനാജ്ഞ മറ്റന്നാൾ രാവിലെ ആറുമണിവരെ നീട്ടി. ജില്ലയിൽ സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് മൂന്ന് ദിവസം കർശന പരിശോധന നടത്തണമെന്നാണ് ഡിജിപിയുടെ നിർദേശം. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. മുതിർന്ന ഉദ്യോഗസ്ഥർ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.
















Comments