മുംബൈ:ബോളിവുഡ് നടി ഐശ്വര്യ റായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന് സൂചന.താരം കഴിഞ്ഞ 15 വർഷങ്ങളിൽ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്.
കഴിഞ്ഞ ദിവസം താരത്തിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഉച്ചയ്‌ക്ക് 1:30 ന് ഇഡിയുടെ ഡൽഹി സോണൽ ഓഫീസിൽ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 7 മണി വരെ നീണ്ടിരുന്നു.
ബ്രിട്ടീഷ് വിർജിൻ ദ്വീപിൽ ഐശ്വര്യ റായ് ഡയറക്ടറായിരുന്ന അമിക് പാർട്‌ണേഴ്‌സ് കമ്പനിയുടെ 2005 ജൂണിൽ ദുബായിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിന്റെ വിവരങ്ങൾ ഇഡി ചോദിച്ചറിഞ്ഞതായാണ് വിവരം.
അഭിഷേക് ബച്ചന്റെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള കാര്യങ്ങളും, ഐശ്വര്യ അഭിഷേകിന് നൽകിയ ഒന്നേകാൽ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇ.ഡി ഐശ്വര്യയോട് ചോദിച്ചു. സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്നാണ് ഐശ്വര്യ മൊഴി നൽകിയത്.
ഇന്നലെ താരത്തിനെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ സമാജ് വാദി പാർട്ടി നേതാവും ഐശ്വര്യ റായിയുടെ ഭർതൃമാതാവുമായ ജയബച്ചൻ രാജ്യസഭയിൽ പൊട്ടിത്തെറിച്ചിരുന്നു.
ഈ സർക്കാർ അധികകാലം പോകില്ലെന്ന് തുടങ്ങിയ ശാപ വാക്കുകളുമായാണ് ജയാബച്ചൻ രംഗത്തെത്തിയത്.മരുമകൾ ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തതിനെ തുടർന്ന് ജയയുടെ സമനില നഷ്ടപ്പെട്ടു എന്ന് ബിജെപി ആരോപിച്ചു.
കഴിഞ്ഞ നവംബറിൽ അഭിഷേകിൽ നിന്നും ഇ.ഡി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇരു മൊഴികളും ഒത്തു നോക്കിയശേഷമാകും ഐശ്വര്യയെ വീണ്ടും ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ഇ.ഡി തീരുമാനമെടുക്കുക.
2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകൾ സമർപ്പിക്കാൻ 2017 ൽ ബച്ചൻ കുടുംബത്തോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. പനാമ പേപ്പറിൽ തങ്ങളുടെ പേരുൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയിൽ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു.
Comments