ബീജിംഗ്: ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ ഏത് അധിനിവേശത്തേയും തടയാനൊരുങ്ങി അമേരിക്കയുടെ മിസൈൽ വിന്യാസം. പെസഫിക്കിൽ അണിനിരത്തിയിരിക്കുന്ന നാവിക പടയാണ് മിസൈലുകൾ ചൈനയ്‌ക്ക് നേരെ തിരിച്ചിരിക്കുന്നത്. അമേരിക്കയുടെ നീക്കം അന്താരാഷ്‌ട്ര നിയമങ്ങളുടെ കടുത്ത ലംഘമാണെന്നും യാതൊരു വിധത്തിലും അതിർത്തി പങ്കിടാത്ത രാജ്യമെന്ന നിലയിൽ നിലവിലേത് യുദ്ധപ്രഖ്യാപനമാണെന്ന് ബീജിംഗ് വിദേശകാര്യമന്ത്രാലയം ആരോപിച്ചു.
ഇന്തോ-പസഫിക് മേഖലയിൽ ക്വാഡ് സഖ്യം രൂപീകരിച്ചുകൊണ്ടാണ് അമേരിക്ക നാവികപടയെ വിന്യസിച്ചത്. എന്നാൽ പസഫിക്കിലേക്ക് അമേരിക്ക എത്തിയതോടെ സമീപദ്വീപുരാജ്യങ്ങൾക്ക് മേൽ എന്നും ഭീഷണിയായി നിന്ന ചൈനയുടെ തന്ത്രങ്ങൾ ലോകം ശ്രദ്ധിക്കാൻ തുടങ്ങി. ഇന്ത്യക്കെതിരെ ലഡാക്കിൽ നടത്തിയ അധിനിവേശത്തിനെതിരെ ലോകരാജ്യങ്ങൾ ഒന്നടങ്കം തിരിഞ്ഞതും ചൈനയ്‌ക്ക് ക്ഷീണമായി.
ഇതിനിടെയാണ് തങ്ങളുടെ ഭാഗമാണ് എന്ന പേരിൽ തായ് വാനെതിരെ ചൈന നിരന്തരം വ്യോമാക്രമണ ഭീഷണി ഉയർത്തുന്നത്. പല തവണ വ്യോമാതിർത്തി ലംഘിച്ചാണ് ചൈനയുടെ നീക്കം. ഇതുകൂടാതെ സമുദ്രത്തിൽ കപ്പലുകളെ പ്രതിരോധിക്കാൻ മൈനുകൾ വിതറിയും അന്തർവാഹിനികളെ തകർക്കുന്ന മിസൈൽ ഘടിപ്പിച്ച ബോട്ടുകൾ വിന്യസിച്ചുമാണ് ചൈനയുടെ നീക്കം. ഇതിനെല്ലാം ബദലായിട്ടാണ് അമേരിക്ക മിസൈൽ വിന്യാസം നടത്തിയത്.
Comments