ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഡൽറ്റ വകഭേദത്തെക്കാൾ ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണെന്ന് കേന്ദ്രസർക്കാർ. ഡെൽറ്റയെക്കാൾ മൂന്ന് മടങ്ങ് വ്യാപന ശേഷി ഒമിക്രോണിന് ഉണ്ടെന്നാണ് സർക്കാർ അറിയിച്ചത്. പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചു.
പ്രതിരോധം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. അപകടകരമായേക്കാവുന്ന നിലയിലേക്ക് സാഹചര്യം നീങ്ങുന്നതിന് മുന്നേ തയ്യാറെടുപ്പുകൾ എടുക്കാനാണ് കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഒമിക്രോൺ ഭീഷണിയ്‌ക്കൊപ്പം തന്നെ രാജ്യത്ത് ഡെൽറ്റ വകഭേദ ഭീഷണിയും നിലനിൽക്കുന്നുണ്ട്. പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറെടുപ്പുകൾ തുടങ്ങാനാണ് നിർദ്ദേശം.
താഴെത്തട്ടിൽ നിന്നും പ്രതിരോധ നടപടികൾ തുടങ്ങണം. രോഗവ്യാപനം തടയാൻ രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ വേണമെങ്കിൽ പ്രാബല്യത്തിൽ വരുത്താം. ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ തയ്യാറാക്കണം. ആംബുലൻസ് സേവനം, ഓക്‌സിജൻ ലഭ്യത എന്നിവ ഉറപ്പാക്കണം. പരിശോധനയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച്ച ചെയ്യരുതെന്നും കത്തിൽ വ്യക്തമാക്കുന്നു.
















Comments