തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈ-റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്ന കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സ്വയം നിരീക്ഷണം കർശനമായി പാലിക്കണമെന്ന് നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ഡി.എംഒ.മാർ, ഡി.പി.എം.മാർ, സർവയലൻസ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
നിലവിൽ ഹൈ-റിസ്ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. എന്നാൽ, സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞവർ പലരും മാർഗനിർദേശങ്ങൾ ലംഘിക്കുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇത് സംസ്ഥാനത്തെ ഒമിക്രോൺ പ്രതിരോധത്തെ ബാധിക്കും. അതിനാൽ ഹൈ-റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർ സ്വയം നിരീക്ഷണം കർശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ഇവർ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നതാകും നല്ലത്. ഒരു കാരണവശാലും ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് ഇതുവരെ 15 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കൊറോണ സ്ഥിരീകരിച്ചാൽ, ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയക്കുന്നതാണ്. പെട്ടൊന്നൊരു സ്ഥലത്ത് ക്ലസ്റ്റർ ഉണ്ടായാൽ അവിടെ നിന്നുള്ള സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. ഒമിക്രോൺ സ്ഥിരീകരിച്ചവർ നെഗറ്റീവായതിന് ശേഷം മാത്രമേ ഡിസ്ചാർജ് ചെയ്യുകയുള്ളൂ എന്ന് മന്ത്രി വ്യക്തമാക്കി.
ഒമിക്രോൺ രോഗികളുടെ എണ്ണം കൂടിയാൽ അത് നേരിടുന്നതിന് ആശുപത്രികളിൽ തയ്യാറാക്കിയ സജ്ജീകരണങ്ങൾ യോഗം ചർച്ച ചെയ്തു. ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ട്. എയർപോർട്ട് സർവയലൻസ് നല്ല രീതിയിൽ നടക്കുന്നുണ്ട്. എയർപോട്ടിൽ വച്ച് പരിശോധിക്കുന്നവരിൽ പലരും നെഗറ്റീവാണ്. പിന്നീട് പരിശോധിക്കുമ്പോഴാണ് കൊറോണ പോസിറ്റീവാകുന്നത്. അതിനാൽ തന്നെ കമ്മ്യൂണിറ്റി സർവയലൻസ് ശക്തമാക്കും. ഹൈ-റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ പരിശോധനകൾ വർദ്ധിപ്പിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്ത് വാക്സിന്റെ ക്ഷാമമില്ലെങ്കിലും പലരും വാക്സിനെടുക്കാൻ എത്തുന്നില്ല. അലർജിയും മറ്റ് പല കാരണങ്ങളും പറഞ്ഞ് കുറേപേർ വാക്സിനെടുക്കാതെ മാറി നിൽക്കുന്നുണ്ട്. അവർ യഥാർത്ഥ കാരണം കണ്ടെത്തേണ്ടതാണ്. ക്രിസ്തുമസ്, ന്യൂ ഇയർ വരുന്ന സന്ദർഭത്തിൽ എല്ലാവരും കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. എല്ലാവരും കൊറോണ മാനദണ്ഡങ്ങൾ പാലിക്കണം എന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
















Comments