തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ലേക്ക് ഉയർത്തുന്ന ബില്ലിനെ വിമർശിച്ച് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ. ബില്ല് ലൈംഗിക അരാജകത്വത്തിന് വഴിവെക്കുന്നതും ഇന്ത്യയെ ലോകരാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താൻ ഇടയാക്കുന്നതുമായ തീരുമാനമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു.
ബില്ലിലൂടെ രാജ്യത്ത് നിലവിലുള്ള ഏഴ് വിവാഹ നിയമങ്ങളിൽ വലിയ മാറ്റം വരുമെന്നും എല്ലാ വ്യക്തിനിയമങ്ങൾക്കും മേലെ വിവാഹനിയമം പുനഃസ്ഥാപിക്കുമെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. വ്യക്തിനിയമത്തിൽ വിള്ളൽ വീഴ്‌ത്തുന്ന ഈ നിയമനിർമ്മാണം ഭരണഘടനാവിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തിന് എതിരെയുള്ള കയ്യേറ്റവും പേഴ്‌സണൽ ലോ തകിടം മറിക്കുന്നതുമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ബില്ലിനെതിരെ രാജ്യത്തെ ജനങ്ങളെ ബോധവൽക്കരിക്കാൻ മുഖ്യരാഷ്‌ട്രീയ പാർട്ടികളും ജനപ്രതിനിധികളും സാംസ്‌കാരിക നായകൻമാരും മുന്നോട്ട് വരണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇന്നലെയാണ് വിവാഹപ്രായ ഏകീകരണ ബിൽ ലോക് സഭയിൽ അവതരിപ്പിച്ചത്.വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ആയി ഉയർത്തുന്ന ബിൽ ആണ് അവതരിപ്പിച്ചത്.ശൈശവ വിവാഹ നിരോധന നിയമത്തിലും സ്‌പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയമത്തിലുമാണ് ഭേദഗതികൾ കൊണ്ടുവരുന്നത്.
കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.പതിനാല് വയസായിരുന്നു മുൻപ് പെൺകുട്ടികളുടെ വിവാഹ പ്രായം പിന്നീട് അത് പതിനെട്ടാക്കി.ഇതാണ് ഇരുപത്തിയൊന്നായി ഉയർത്തിയത്.
മാതൃമരണ നിരക്ക് കുറയ്‌ക്കുക, ഗർഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുക,വിളർച്ചയും പോക്ഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹ പ്രായം ഉയർത്തുന്നതിന്റെ ലക്ഷ്യങ്ങളായി സർക്കാർ ഉയർത്തിക്കാട്ടുന്നത്.
സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയാണ് ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
















Comments