ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഡൽഹിയിൽ 24 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ 213 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 90 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 57 പേർ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്. രണ്ടാം സ്ഥാനത്ത് മഹാരാഷ്‌ട്രയാണുള്ളത്. 54 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 15 രോഗികളോടെ കേരളം ആറാം സ്ഥാനത്താണ്.
ഒമിക്രോൺ വ്യാപനവും കൂടുന്ന പശ്ചാത്തലത്തിൽ മൂന്നാം തരംഗം ഒഴിവാക്കാനാകില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുണ്ടെന്ന് കേന്ദ്രസർക്കാരും അറിയിച്ചിരുന്നത്. പ്രാദേശിക തലത്തിലും ജില്ലാ അടിസ്ഥാനത്തിലും തയ്യാറെടുപ്പുകൾ തുടങ്ങാനാണ് കേന്ദ്ര നിർദ്ദേശം.
പ്രതിരോധ നടപടികൾ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. അപകടകരമായേക്കാവുന്ന നിലയിലേക്ക് സാഹചര്യം നീങ്ങുന്നതിന് മുൻപ് തയ്യാറെടുപ്പുകൾ എടുക്കാനാണ് കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഒമിക്രോൺ ഭീഷണിയ്‌ക്കൊപ്പം തന്നെ രാജ്യത്ത് ഡെൽറ്റ വകഭേദ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
താഴെത്തട്ടിൽ നിന്നും പ്രതിരോധ നടപടികൾ തുടങ്ങണം. രോഗവ്യാപനം തടയാൻ രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ വേണമെങ്കിൽ പ്രാബല്യത്തിൽ വരുത്താം. ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ തയ്യാറാക്കണം. ആംബുലൻസ് സേവനം, ഓക്സിജൻ ലഭ്യത എന്നിവ ഉറപ്പാക്കണം. പരിശോധനയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച്ച ചെയ്യരുതെന്നും കത്തിൽ വ്യക്തമാക്കുന്നു.
















Comments