തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എറണാകുളത്തെത്തിയ 6 പേർക്കും തിരുവനന്തപുരത്തെത്തിയ 3 പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
യുകെയിൽ നിന്നുമെത്തിയ രണ്ട് പേർ (18), (47), ടാൻസാനിയയിൽ നിന്നുമെത്തിയ യുവതി (43), ആൺകുട്ടി (11), ഘാനയിൽ നിന്നുമെത്തിയ യുവതി (44), അയർലൻഡിൽ നിന്നുമെത്തിയ യുവതി (26) എന്നിവർക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയിൽ നിന്നും വന്ന ഭർത്താവിനും (54), ഭാര്യയ്‌ക്കും (52), ഒരു സ്ത്രീയ്‌ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഡിസംബർ 18, 19 തീയതികളിൽ എറണാകുളം എയർപോർട്ടിലെത്തിയ 6 പേരും എയർപോർട്ട് പരിശോധനയിൽ കൊറോണ പോസിറ്റീവായിരുന്നു. അതിനാൽ അവരെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ പുറത്ത് നിന്നുള്ളവരാരുമില്ല. ഡിസംബർ 10ന് നൈജീരിയയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികൾക്ക് 17ന് നടത്തിയ തുടർ പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കൾ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്.
ഡിസംബർ 18ന് യുകെയിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലെ പരിശോധനയിലാണ് 51 കാരിയ്‌ക്ക് കൊറോണ പോസിറ്റീവായത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്‌ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അയച്ചു. അതിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
















Comments