കൊച്ചി: സിനിമകളുടെ പ്രധാന ഭാഗങ്ങൾ ഫോണിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് തടയാൻ നടപടിയുമായി കേരള ഫിലിം ചേമ്പർ. ചിലർ സിനിമകളിലെ പ്രധാന രംഗങ്ങൾ മുഴുവനായും തീയറ്ററിൽ നിന്ന് മൊബൈൽ ഫോണുകളിൽ പകർത്തുകയും സമൂഹമാദ്ധ്യമങ്ങളിൽ സ്റ്റാറ്റസായും ഷോർട് വീഡിയോയായും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ നടപടി എന്ന് ഫിലിം ചേമ്പർ അറിയിച്ചു.
‘പുതുവർഷം മുതൽ കേരളത്തിലെ തീയറ്ററുകളിൽ പ്രദർശനം നടക്കുന്ന സമയത്ത് വീഡിയോ എടുക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കർശനമായും നിരോധനം ഏർപ്പെടുത്തും. സിനിമകളിലെ പ്രധാന രംഗങ്ങൾ മുഴുവനായും തീയറ്ററിൽ നിന്ന് മൊബൈൽ ഫോണുകളിൽ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്’ കേരള ഫിലിം ചേമ്പർ വ്യക്തമാക്കി. കൂടാതെ, മുഴുവൻ തീയറ്ററുകളും ഇതിനോട് സഹകരിക്കണം എന്നും കേരള ഫിലിം ചേമ്പർ ആവശ്യപ്പെട്ടു.
അടുത്തിടെ പുറത്തിറങ്ങിയ മരക്കാർ സിനിമയുടെ അടക്കം വ്യാജ പതിപ്പുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ടെലിഗ്രാം പോലുള്ള മാദ്ധ്യമങ്ങളിലൂടെ ഇത്തരത്തിൽ വലിയ രീതിയിൽ പുതിയ സിനിമകളുടെ വ്യാജ പതിപ്പ് പുറത്തിറങ്ങാറുണ്ട്. ഫിലിം ചേമ്പറിന്റെ തീരുമാനം നിലവിൽ വരുന്നതോടെ ഇതിന് തടയിടാനാകുമെന്നാണ് നിർമ്മാതാക്കൾ ഉൾപ്പെടെ പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ, ചില സിനിമകളുടെ പ്രധാന ഭാഗങ്ങളും ഇത്തരത്തിൽ ഫോണിലൂടെ പകർത്തി പ്രചരിപ്പിക്കാറുണ്ട്. ഇതിനെല്ലാം ഒരു അറുതിവരുത്തുന്നതാണ് ഈ തീരുമാനം എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
















Comments