മുംബൈ: രാജ്യസഭയിൽ നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ച സമാജ്‌വാദി പാർട്ടി എംപി ജയാ ബച്ചനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം. പനാമ കേസുമായി ബന്ധപ്പെട്ട് മരുമകളും ബോളിവുഡ് നടിയുമായ ഐശ്വര്യ റായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയാ ബച്ചൻ നിയന്ത്രണം വിട്ട് പെരുമാറിയത്.
ഈ സർക്കാർ അധികകാലം പോകില്ലെന്ന് തുടങ്ങിയ ശാപ വാക്കുകളുമായാണ് ജയബച്ചൻ രംഗത്തെത്തിയത്.മരുമകൾ ഐശ്വര്യ റായിയെ ചോദ്യം ചെയ്തതിനെ തുടർന്ന് ജയയുടെ സമനില നഷ്ടപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചിരുന്നു.യാതൊരു പ്രകോപനവുമില്ലാതെ മറ്റുസഭാംഗങ്ങൾക്കു നേരെയും ജയാബച്ചൻ പൊട്ടിത്തെറിച്ചിരുന്നു. ജയാബച്ചന്റെ ഈ അതിരുവിട്ട പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോട് കൂടി വ്യാപക വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം ഉയരുന്നത്.
അതിനിടെ ജയാബച്ചന്റെ മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും അമ്മയുടെ ഈ നിയന്ത്രണമില്ലാത്ത പെരുമാറ്റത്തെ കുറിച്ച് സംസാരിച്ച വീഡിയോയും ഇപ്പോൾ ചർച്ചയാവുന്നുണ്ട് ബോളിവുഡ് സംവിധായകനായ കരൺ ജോഹർ അവതാരകനായി എത്തുന്ന പരിപാടിയിലാണ് ജയാബച്ചന്റെ ഈ അമിത ദേഷ്യത്തെ കുറിച്ച് മക്കൾ പറഞ്ഞത്.
അമ്മയ്‌ക്ക് ക്ലോസ്‌ട്രോഫോബിയ എന്ന അസുഖമുണ്ടെന്നും ആൾക്കൂട്ടത്തെ കാണുമ്പോൾ പെട്ടെന്ന് അസ്വസ്ഥയാകുന്ന മാനസികാവസ്ഥയാണെന്നും അഭിഷേക് ബച്ചൻ പറഞ്ഞിരുന്നു.
ചിലപ്പോൾ പെട്ടെന്നാണ് ദേഷ്യം വരുന്നതെന്നും പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും ആളുകൾക്ക് ഇത്തരമൊരു സാഹചര്യം പലപ്പോഴും അനുഭവപ്പെടാറുണ്ടെന്നുമാണ് പരിപാടിയിൽ അഭിഷേക് പറഞ്ഞത്.
ആദ്യമായല്ല ജയാബച്ചൻ ഈ രീതിയിൽ നിയന്ത്രണം വിട്ട് പെരുമാറുന്നത്. ഇതിന് മുൻപ് ബംഗാൾ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിനിടെ സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ കരണത്തടിച്ചതും ഐശ്വര്യറായിയെ ആഷ് എന്ന് വിളിച്ചയാളെ പരസ്യമായി അപമാനിച്ചും ജയാബച്ചൻ രംഗത്തെത്തിയിരുന്നു.ഈ ദൃശ്യങ്ങളടക്കം ഇപ്പോൾ ചർച്ചയാവുന്നുണ്ട്.
ഇങ്ങനെ സ്വയം അമിത ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തയാൾ എങ്ങനെയാണ് ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കുക എന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്.
















Comments