പാലക്കാട്: ആരോഗ്യമന്ത്രിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ച അട്ടപ്പാട്ടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസിനെതിരെ അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ആശുപത്രിയിലെ ക്രമക്കേടുകളും പ്രഭുദാസിനെതിരായ ആരോപണങ്ങളെ സംബന്ധിച്ചും പരിശോധിക്കാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പഞ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശനത്തിന് എത്തിയതിന് പിന്നാലെയായിരുന്നു പ്രഭുദാസ് ആരോപണങ്ങൾ ഉന്നയിച്ചത്. അട്ടപ്പാടിയിൽ ശിശുമരണങ്ങൾ നടക്കുമ്പോൾ മാത്രമാണ് സർക്കാർ തിരിഞ്ഞുനോക്കുന്നത്. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിൽ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച ശേഷമാണ് മന്ത്രി അട്ടപ്പാടിയിലേക്ക് എത്തിയത്. തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ ശ്രമങ്ങൾ നടന്നു. കൈക്കൂലി ആരോപണം ഉന്നയിച്ചതിനാണ് തന്നെ മാറ്റി നിർത്തിയത് എന്നാണ് പ്രഭുദാസ് ഉന്നയിച്ച വാദങ്ങൾ.
ആശുപത്രിയിലെ ആവശ്യങ്ങൾ വ്യക്തമാക്കി സർക്കാരിന് പല തവണ കത്ത് നൽകിയിട്ടും അനുകൂല നടപടി ഉണ്ടായില്ലെന്ന് അദ്ദേഹം ആരോപണമുന്നിയിച്ചിരുന്നു. ആരോഗ്യമന്ത്രിക്കെതിരെ അടക്കം പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെ പ്രഭുദാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ആണ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Comments