ഛണ്ഡീഗഡ് : ലുധിയാന ജില്ലാ കോടതിയിൽ ഉണ്ടായ സ്‌ഫോടനം ചാവേർ ആക്രമണമെന്ന് സൂചന. പോലീസ് ആണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ പുറത്തുവിട്ടത്. അതേസമയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടെന്ന വാർത്തകൾ ആണ് നേരത്തെ പുറത്തുവന്നിരുന്നത്. എന്നാൽ ഒരാളുടെ മരണമാണ് പോലീസ് ഇതുവരെ സ്ഥിരീകരിച്ചത്. ഇയാൾ ചാവേർ ആണെന്നാണ് സംശയം. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ബോംബ് സ്‌ക്വാഡിന്റെ വിശദമായ പരിശോധനയിൽ മാത്രമേ കൊല്ലപ്പെട്ടയാളും സംഭവവും തമ്മിലുള്ള ബന്ധം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോടതി വളപ്പിൽ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള രാജ്യവിരുദ്ധ ശക്തികളുടെ ശ്രമമാണ് ഇതെന്നും സംശയമുണ്ട്. അതേസമയം സംഭവത്തിൽ മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നി ദു:ഖം രേഖപ്പെടുത്തി.
ലുധിയാനയിലെ ജില്ലാ കോടതി വളപ്പിൽ ഉണ്ടായ സ്‌ഫേടനം അതീവ ദു:ഖമുളവാക്കുന്നതാണെന്ന് ചന്നി ട്വിറ്ററിൽ കുറിച്ചു. ഇത് ചെയ്തവരോട് ഒരിക്കലും പൊറുക്കില്ല. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് സംഭവത്തോട് ശിരോമണി അഖാലിദൾ നേതാവ് ഹരിഷ് റായ് ദന്തയുടെ പ്രതികരണം. എംഎൽഎ സിമർജിത് സിംഗ് ആണ് സംഭവത്തിന് പിന്നിൽ എന്നും അദ്ദേഹം ആരോപിച്ചു.
ഉച്ചയോടെയായിരുന്നു കോടതി വളപ്പിൽ സ്‌ഫോടനം ഉണ്ടായത്. ശുചി മുറിയ്‌ക്ക് സമീപമായിരുന്നു സംഭവം. സ്‌ഫോടനത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റു.
















Comments