ന്യൂഡൽഹി: പഞ്ചാബിൽ തിരഞ്ഞെടുപ്പിന് മുമ്പ് ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കാനും സമൂഹ മാദ്ധ്യമങ്ങളിൽ നിരീക്ഷണം കർശനമാക്കാനും സംസ്ഥാന പോലീസിന് നിർദേശം നൽകി.
തീവ്രവാദ ആക്രമണ സാധ്യത മുന്നിൽ കണ്ട് ഇതിനോടകം സംസ്ഥാന പോലീസിന് സുരക്ഷാ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ആക്രമണങ്ങൾ ഒഴിവാക്കാൻ പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളുമായി സംസ്ഥാന പോലീസിനെയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളെയും ഏകോപിപ്പിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
കിംവദന്തികൾ പ്രചരിപ്പിക്കുന്നത് തടയാൻ സമൂഹ മാദ്ധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കശ്മീരിനേക്കാൾ അപകടകരമായ അവസ്ഥയിലാണ് പഞ്ചാബ് എന്നും അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും മാസങ്ങളായി അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കൂടുതലായിരുന്നു. ഇന്ത്യൻ ഭൂപ്രദേശത്ത് ഇവ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉപേക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർക്കാൻ സ്ഫോടക വസ്തുക്കളുടെ കള്ളക്കടത്ത് നടക്കുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്.
ലുധിയാന കോടതിയിൽ വ്യാഴാഴ്ച വൈകിട്ട് ബോംബ് സ്ഫോടനം റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയതിനും കപൂർത്തലയിലെ സിഖ് മതപതാക നശിപ്പിക്കപ്പെട്ടതിനും ആൾക്കൂട്ട ആക്രമണങ്ങൾ സംഭവിച്ചിരുന്നു.
















Comments