തിരുവനന്തപുരം: പോലീസ് കേസുകൾ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ ഒഴിവാക്കി. പോലീസ് സംരക്ഷണം, പോലീസ് അതിക്രമം, എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിലേക്കാണ് മാറ്റിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പടെ ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിലാണ് മാറ്റം.
ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതി തുറക്കുമ്പോഴാണ് മാറ്റം പ്രാബല്യത്തിൽ വരിക. ജാമ്യ ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിലും മാറ്റമുണ്ട്. സാധാരണ ഹൈക്കോടതിയുടെ ദീർഘകാല അവധി വരുന്ന ഘട്ടങ്ങളിൽ ബെഞ്ച് മാറ്റം സാധാരണമാണെന്നാണ് വിവരം.
മോൻസന്റെ പുരാവസ്തു തട്ടിപ്പ്, പിങ്ക് പോലീസ് വിചാരണ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ കോടതി പരിഗണിക്കുമ്പോൾ പോലീസിനെതിരെ രൂക്ഷമായ വിമർശനമാണ് കോടതിയിൽ നിന്നും നേരിടേണ്ടി വന്നത്. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് ഹർജികൾ പരിഗണിക്കുന്നതിൽ മാറ്റമെന്നത് ശ്രദ്ധേയമാണ്. അതേസമയം പോലീസ് വിഷയങ്ങൾ ഒഴികെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചിരുന്ന മറ്റ് വിഷയങ്ങളിൽ മാറ്റമുണ്ടാകില്ല.
Comments