ആലപ്പുഴ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് എംപി സുരേഷ് ഗോപി. ആലപ്പുഴയിലെ വീട്ടിൽ അതിരാവിലെയാണ് അദ്ദേഹം എത്തിയത്. കൊല്ലപ്പെട്ട രഞ്ജിത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ എംപി പങ്കുച്ചേർന്നു.
രഞ്ജിത്തിന്റെ മക്കളെ ചേർത്തുപിടിച്ച് സമാശ്വസിപ്പിച്ച സുരേഷ് ഗോപി രാഷ്‌ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ആരുടെയും കാലുപിടിക്കാൻ പോലും തയ്യാറാണെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരച്ഛനെന്ന നിലയിൽ കുട്ടികളുടെ സങ്കടം കണ്ടുനിൽക്കാൻ കഴിയുന്നില്ലെന്നും വീട് സന്ദർശിച്ചതിന് ശേഷം സുരേഷ് ഗോപി പറഞ്ഞു.
രാഷ്‌ട്രീയ കൊലപാതകങ്ങളെക്കുറിച്ച് നിരവധി തവണ പ്രതികരിച്ചതാണ്, ഒരുപാട് അപേക്ഷിച്ചതാണ്. ഇനിയൊന്നും പറയാനില്ല. ഇനിയാരുടെയെങ്കിലും കാലുപിടിക്കണം എന്നാണെങ്കിൽ അതിനും തയ്യാറാണ്. ഒരു കൊലപാതകത്തിൽപ്പെട്ടയാൾ ഏത് മതമായാലും രാഷ്‌ട്രീയമായാലും ഒരു പ്രദേശത്തിന്റെ മുഴുവൻ സമാധാനം ഇല്ലാതാക്കുകയും രാജ്യത്തിന്റെ വളർച്ച കെടുത്തുകയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഈ കൊലപാതകങ്ങൾ സമൂഹത്തിലെ വളർന്നുവരുന്ന കുട്ടികളുടെ മനോനിലയെ ആണ് ബാധിക്കുന്നത്. വരുംതലമുറയെ മോശപ്പെട്ട സംസ്‌കാരത്തിലേക്ക് വലിച്ചിഴക്കുന്ന പ്രവണത ഇതുണ്ടാക്കും. കൊലപാതക സംസ്‌കാരം രാജ്യദ്യോഹപരമാണ്. മനുഷ്യൻ നരമാംസ ഭോജികളായി വീണ്ടും മാറരുതെന്നും വീണ്ടും ആ കാടത്തത്തിലേക്ക് പോകരുതെന്നും സന്ദർശന വേളയിൽ സുരേഷ് ഗോപി ആവശ്യപ്പെട്ടു.
















Comments