സെഞ്ചൂറിയൻ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ഇന്ന് തുടക്കം. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലിറങ്ങുന്ന ടീം ഇന്ന് ആദ്യ ടെസ്റ്റിനിറങ്ങും. രോഹിത് ശർമ്മയും രവീന്ദ്രജഡേജയും ഒഴിവായ മൂന്ന് ടെസ്റ്റുകളടങ്ങുന്നതാണ് പരമ്പര. രാഹുൽ ദ്രാവിഡ് ദേശീയ ടീം പരിശീലകനായ ശേഷം നടത്തുന്ന ആദ്യ വിദേശ പര്യടനമെന്ന പ്രത്യേകതയുമുണ്ട്. ആദ്യ ടെസ്റ്റിന് മഴ ഭീഷണിയായേക്കുമെന്ന ആശങ്കയുമുണ്ട്.
ഇതുവരെ ദക്ഷിണാഫ്രിക്കയിൽ ഒരു പരമ്പര ഇന്ത്യ സ്വന്തമാക്കിയിട്ടില്ല. 3 ടെസ്റ്റുകളാണ് ഇതുവരെ ഇന്ത്യ പ്രോട്ടീസ് മണ്ണിൽ ജയിച്ചിരിക്കുന്നത്. സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട് പാർക്ക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ദക്ഷിണാഫ്രിക്കൻ നിര ഇന്നേ വരെ അവിടെ തോറ്റിട്ടില്ലെന്നതാണ് മറ്റൊരു വെല്ലുവിളി. അവിടെ കളിച്ച 26ൽ 21ലും സന്ദർശകരെ വീഴ്‌ത്തിയ മികവാണ് ആതിഥേയർക്കുള്ളത്. 621 റൺസ് വരെ ദക്ഷിണാഫ്രിക്കൻ ടീം ഒരു ഇന്നിംഗ്‌സിൽ അടിച്ചെടുത്തിട്ടുണ്ട്.
മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ ആദ്യ ഇന്നിംഗ്‌സിൽ മികച്ച സ്‌കോർ നേടുക എന്നതു തന്നെയാണ് ബാറ്റിംഗ് ലഭിച്ചാൽ ഇന്ത്യയുടെ ലക്ഷ്യം. സ്വന്തം നാട്ടിൽ മികച്ച ബൗളിംഗ് റെക്കോഡുള്ളവരാണ് കാഗിസോ റബാഡയും ലുംഗി എൻഗിജിയും ഹെൻഡ്‌റിക്‌സുമെന്നത് ഇന്ത്യക്ക് വെല്ലുവിളിയാണ്. ആന്റി ടോർച്ചേ ഇല്ലാത്തത് ദക്ഷിണാഫ്രിക്കയുടെ പ്രഹരശേഷി കുറയ്‌ക്കുമെന്നാണ് പ്രതീക്ഷ.
ഡീൻ എൽഗറുടെ കീഴിലാണ് ദക്ഷിണാഫ്രിക്കൻ നിര ഇറങ്ങുന്നത്. എയ്ഡൻ മർക്കറാം, കീഗന് പീറ്റേഴ്‌സൺ, വാൻഡെർ ദുസെൻ, തെംബാ ബാവുമ, ക്വിന്റൺ ഡീ കോക്, വിയാൻ മുൽഡർ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എൻഗിഡ്, ദുആനേ ഒലിവർ എന്നിവരാണ് സാദ്ധ്യതാ ലിസ്റ്റിൽ.
ടീം ഇന്ത്യയെ വിരാട് കോഹ് ലി നയിക്കുമ്പോൾ ഓപ്പണറായി കെ.എൽ.രാഹുലിനൊപ്പം മായങ്ക് അഗർവാളിനെയാണ് പരിഗണിച്ചിരിക്കുന്നത്. ചേതേശ്വർ പൂജാരയും വിരാടും കഴിഞ്ഞാൽ മുൻനിരയിൽ അജിങ്ക്യാരഹാനെ, ശ്രേയസ്സ് അയ്യർ, ഹനുമാ വിഹാരി എന്നിവരിൽ ഒരാളിനാണ് സാദ്ധ്യത. ഹനുമാ വിഹാരി പന്തെറിയുമെന്നത് ഗുണമാണ്.ഇവർക്കൊപ്പം ഋഷഭ് പന്താണ് മദ്ധ്യനിരയിലെ കരുത്ത്. അശ്വിനും ഷാർദ്ദൂൽഠാക്കൂറുമുള്ളതിനാൽ ബാറ്റിംഗിന്റെ ആഴംകൂടും. ബൗളിംഗിൽ മുഹമ്മദ് ഷമിക്കൊപ്പം ബുംമ്രയും മുഹമ്മദ് സിറാജും ഇഷാന്ത് ശർമ്മയും സാദ്ധ്യതാ പട്ടികയിലുണ്ട്.
















Comments