കണ്ണൂർ: രണ്ട് മാസം പ്രായമായ കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ആരോപണ വിധേയനായ ഡോക്ടർക്കെതിരെയും അന്വേഷണം നടത്തുന്നത്.കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. ചാലോട് ആശ്രയ ഹോസ്പിറ്റലിലെ ഡോ സുധീറിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്.നിലവിൽ കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല.
അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ ഡ്രഗ് കൺട്രോൾ ഓഫീസർ ആശുപത്രിയിൽ പരിശോധന നടത്തി. കാലാവധി കഴിഞ്ഞ ഒൻപത് ഇനം മരുന്നുകൾ ആശുപത്രിയിൽ നിന്ന് കണ്ടെത്തി. കമ്പനിക്ക് തിരിച്ചുനൽകാനായി എടുത്തുവച്ച മരുന്നുകളെന്നായിരുന്നു ആശുപത്രി നൽകിയ വിശദീകരണം.
ഈ മാസം പതിനെട്ടിനാണ് ആശുപത്രിയിൽ നിന്ന് രണ്ടുമാസം പ്രായമായ കുഞ്ഞിന് കുത്തിവെയ്പ്പ് എടുക്കുന്നത്.നാലായിരം രൂപയുടെ അഞ്ച് കുത്തിവെയ്പ്പുകൾ ഒരുമിച്ചെടുത്തു. വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച കടലാസുകൾ പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ മരുന്നാണ് കുത്തിവെച്ചതെന്ന് മനസിലായത്.
പരാതിയുമായി ആശുപത്രിയെ സമീപിച്ചെങ്കിലും ജീവനക്കാരിക്ക് പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ് ഗൗരവത്തിലെടുക്കാതെ കുഞ്ഞിന്റെ അമ്മയായ അതുല്യയെ തിരിച്ചയക്കുകയായിരുന്നു. തുടർന്ന് കുടുംബം മട്ടന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം ഹോസ്പിറ്റലിലെ ഒരു ജീവനക്കാരിക്ക് പറ്റിയ കയ്യബദ്ധമാണെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയുകയാണ് ഡോക്ടർ സുധീർ.
















Comments