ഗുജറാത്ത്…പൈതൃക നിർമ്മിതികൾ കൊണ്ടും ചരിത്ര സ്മാരകങ്ങൾ കൊണ്ടും എന്നും സഞ്ചാരികളെ കൊതിപ്പിക്കുന്ന ഇടം. ആരെയും ആകർഷിക്കുന്ന ചരിത്രവും ഒരിക്കലെങ്കിലും കണ്ടിരിക്കണം എന്നു തോന്നിപ്പിക്കുന്ന ഇടങ്ങളും കൊണ്ടും ഇവിടെ എത്തുന്നവരെ പിന്നെയും പിന്നെയും കൊതിപ്പിക്കുന്ന നാടാണ് ഗുജറാത്ത്.
ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി സംസ്ഥാനമായ ഗുജറാത്ത് അതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും സാംസ്‌കാരിക വൈവിധ്യങ്ങൾ കൊണ്ടും ടൂറിസം ഭൂപടത്തിൽ സ്വന്തമായി ഒരിടം നേടിയിട്ടുള്ള നാടാണ്. സിന്ധു നദീതട സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഗുജറാത്ത് ഇന്ത്യയുടെ ചരിത്രത്തിലുടനീളം സുപ്രധാനമായ ഒരു സാംസ്‌കാരിക സാമ്പത്തിക കേന്ദ്രമായിരുന്നു. ഗുജറാത്തിൽ നിരവധി കൊട്ടാരങ്ങളുണ്ട് ആ കൂട്ടത്തിൽ വലുപ്പത്തിന്റെ കാര്യത്തിൽ ബ്രീട്ടീഷുകാരുടെ സ്വകാര്യ അഹങ്കാരമായ ബക്കിങ്ഹാം കൊട്ടാരത്തെ വരെ കടത്തിവെട്ടുന്ന ഒരു കൊട്ടാരമുണ്ട് കൊട്ടാരമല്ല, യഥാർത്ഥത്തിൽ ഒരു വലിയ വസതി എന്നു പറയാം…
പറഞ്ഞുവരുന്നത് ഗുജറാത്തിലെ ലക്ഷ്മി വിലാസ് പാലസിനെക്കുറിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി എന്നറിയപ്പെടുന്ന ലക്ഷ്മി വിലാസ് പാലസ് തന്നെ. മോണുമെന്റ്‌സ് ഓഫ് ഇന്ത്യയുടെ പുതിയ അദ്ധ്യായത്തിലൂടെ ബക്കിങ്ഹാം പാലസിന്റെ നാലിരട്ടി വലുപ്പത്തിൽ നീണ്ടു കിടക്കുന്ന ലക്ഷ്മി വിലാസ് പാലസിന്റെ വിശേഷങ്ങളറിയാം…. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി എന്ന വിശേഷണമാണ് ലക്ഷ്മി വിലാസ് പാലസിനുള്ളത്. പേരിൽ പാലസ് എന്നാണെങ്കിലും ഇതിനെ ഭവനമായാണ് കണക്കാക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ട് മുതൽ 1947 വരെ വഡോദര ഭരിച്ചിരുന്ന പ്രമുഖ മറാത്ത രാജവംശമായിരുന്ന ഗെയ്ക്വാദ് രാജകുടുംബത്തിന്റെ രാജകീയ വസതിയായിരുന്നു ഈ കൊട്ടാരം. അക്കാലത്ത് രാജകൊട്ടാരം പോലുള്ള വീടുകൾ താമസത്തിനായി പണിയുവാൻ ആരംഭിച്ചവരാണ് ഗെയ്ക്വാദ് കുടുംബം. സായ്ജി റാവു ഗെയ്ക്വാദ് മൂന്നാമനാണ് 1890 ൽ ലക്ഷ്മി വിലാസ് കൊട്ടാരം നിർമിച്ചത്. 170 മുറികളാണ് ഈ കൊട്ടാരത്തിന് ആകെയുള്ളത് കൊട്ടാരം നിർമ്മിച്ച സമയത്ത് മഹാരാജാവും ഭാര്യയുമായിരുന്നു ഇവിടുത്തെ താമസക്കാർ. 1878 ൽ തുടങ്ങിയ കൊട്ടാര നിർമ്മാണം നീണ്ട 12 വർഷങ്ങളെടുത്തു പൂർത്തിയാകുവാൻ.
അക്കാലത്തെ ഏറ്റവും ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. അക്കാലത്ത് ഒരു ആധുനിക ബ്രിട്ടീഷ് ഭവനത്തിനു വേണ്ടതെല്ലാം ഇവിടെയും ഉണ്ടായിരുന്നു. വൈദ്യുതി, ടെലഫോൺ എക്‌സ്‌ചേഞ്ച് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിരുന്നു.ലിഫ്റ്റ് പോലുള്ള സൗകര്യങ്ങൾ അക്കലാത്ത് ഇവിടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ അതിശയിക്കാനില്ല. ഓരോ ഇടങ്ങളിൽ നിന്നുമാണ് നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ കൊണ്ടുവന്നത്. വെട്ടുകല്ല് കൊണ്ടുവന്നത് ആഗ്രയിൽ നിന്നും ട്രാപ് സ്റ്റോൺ കൊണ്ടുവന്നത് പൂനയിൽ നിന്നുമാണ്. മാർബിൾ ഇറ്റലിയിൽ നിന്നും രാജസ്ഥാനിൽ നിന്നും ഇവിടേക്ക് കൊണ്ടുവരുകയായിരുന്നു. ഇന്തോ-സാർസെനിക് വാസ്തുവിദ്യയനുസരിച്ചാണ് ഈ പാലസ് നിർമ്മിച്ചിരിക്കുന്നത്. മേജർ ചാൾസ് മാൻറ് ആയിരുന്നു ഇതിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ പ്രധാന ആർകിടെക്റ്റ്. അദ്ദേഹത്തിന്റെ മരണ ശേഷം റോബർട്ട് ഫെലോസ് കിസോളം എന്ന ആർകിടെക്റ്റ് നിർമ്മാണം ഏറ്റെടുത്ത് പൂർത്തിയാക്കുകയായിരുന്നു.
കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയായപ്പോഴേക്കും ഏകദേശം 180,000 ബ്രിട്ടീഷ് പൗണ്ട് ആണ് നിർമ്മാണത്തിനായിചിലവഴിച്ചത്. 27,00,000 രൂപയാണ് അന്നത്തെ മൂല്യത്തിലുള്ള ഇന്ത്യൻ തുക. ആകെ 700 ഏക്കർ സ്ഥലത്തായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ലക്ഷ്മി വിലാസ് കൊട്ടാരത്തെ കൂടാതെ വേറെയും രണ്ട് കൊട്ടാരങ്ങൾ ഇവിടെയുണ്ട്. മോട്ടിരാജാ പാലസും മഹാരാജാ ഫത്തേസിംഗ് മ്യൂസിയവുമാണവ. ഇതിൽ മ്യൂസിയം ആദ്യ കാലത്ത് മഹാരാജാവിന്റെ കുട്ടികളുടെ സ്‌കൂളായിരുന്നുവത്രെ. ഇപ്പോഴിവിടെ അതിവിശിഷ്ടങ്ങളായ പെയിൻറിംഗുകളും മറ്റുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. മോട്ടിബാദ് പാലസ് അന്നത്തെ ബ്രിട്ടീഷ് ആർകിടെക്റ്റിന്റെ ഗസ്റ്റ് ഹൗസായിരുന്നു.ഇപ്പോഴിവിടം ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ രൂപത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങളിൽ പല ആഢംബരങ്ങളും കാണാം. അതിലൊന്ന് ഇവിടുത്തെ വെള്ളി പൂശിയ ചുവരുകളാണ്. ഇവിടുത്തെ ഒരു മുറിയുടെ ചുവരുകൾ മുഴുവനായും വെള്ളി പൂശിയിരിക്കുകയാണ്. സിൽവർ റൂം എന്നാണ് ഈ മുറി അറിയപ്പെടുന്നത്.തൂണുകളിലെല്ലാം അതിമനോഹരമായ കൊത്തുപണികളാണ് ,പലതിലും സൂര്യന്റെയും പശുക്കളുടെയും രൂപമാണ്.രാജകുടുംബത്തിന്റെ ആരാധനാമൂർത്തി സൂര്യനായതാണ് ഇതിന് കാരണം.പശുക്കളിൽ നിന്നാണ് അവരുടെ കുടുംബത്തിന് ആ പേര് ലഭിച്ചതും. മനോഹരമായ ലാൻഡ്‌സ്‌കേപ്പിങ്ങും വിശാലമായ ഉദ്യാനവും പാലസിന്റെ അഴക് വർദ്ധിപ്പിക്കുന്നു.
സ്മാർജിത്ത് സിങ്ങ് ഗെയ്ക്വാദ് ആണ് ഇപ്പോൾ പാലസിന്റെ ഉടമ.അദ്ദേഹവും ഭാര്യ രാധികയും മക്കളുമാണ് ഇവിടുത്തെ താമസക്കാർ.പല ബോളിവുഡ് സിനിമകളിലും ഈ കൊട്ടാരം മുഖം കാണിച്ചിട്ടുണ്ട് എന്നിരുന്നാലും കണ്ണുകൾകൊണ്ട് ആസ്വദിച്ചാലും തീരാത്ത ഭംഗിയാണ് കൊട്ടാരത്തിന്.
Comments