തൃശ്ശൂർ: സമൂഹമാദ്ധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തിയതിന് പോപ്പുലർ ഫ്രണ്ട് തൃശ്ശൂർ ജില്ലാ സെക്രട്ടറി പിടിയിൽ. സിദ്ദിഖുൽ അക്ബർ എന്ന പോപ്പുലർ ഫ്രണ്ട് നേതാവാണ് പോലീസിന്റെ പിടിയിലായത്.
ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നൂറോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ തടിച്ചു കൂടിയത്. തുടർന്ന് പള്ളിയിൽ ബാങ്ക് വിളിച്ചതിനെ ഇവർ സ്റ്റേഷന് മുന്നിൽ തന്നെ നിസ്‌കരിച്ചു. പ്രദേശത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
സാമൂഹികവിദ്വേഷവും മതസ്പർദ്ധയും വളർത്തുന്ന തരത്തിൽ നവമാദ്ധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 30 കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറൽ പോലീസ് ജില്ലയിലാണ് -13 കേസുകൾ. തിരുവനന്തപുരം റൂറൽ -ഒന്ന്,കൊല്ലം സിറ്റി-ഒന്ന്,ആലപ്പുഴ -രണ്ട്,കോട്ടയം-ഒന്ന്,തൃശൂർ റൂറൽ-ഒന്ന്,പാലക്കാട്-നാല്,മലപ്പുറം-മൂന്ന്,കോഴിക്കോട് റൂറൽ -രണ്ട്,കാസർകോട്-രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകൾ.
മതസ്പർദ്ധ വളർത്തുന്ന സമൂഹമാദ്ധ്യമ പോസ്റ്റുകൾക്ക് അറുതി വരുത്താൻ നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.
















Comments