നാഗ്പൂർ: കാർഷിക നിയമം വീണ്ടും നടപ്പാക്കുമെന്ന് താൻ പറഞ്ഞെന്ന പേരിൽ നടക്കുന്ന പ്രചാരണം പച്ചക്കള്ളമെന്ന് കേന്ദ്രകൃഷികവകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ. നാഗ്പൂരിലെ തന്റെ പ്രസംഗത്തിൽ രാജ്യത്തെ പ്രക്ഷോഭങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ഒരടി പിന്മാറിയത് രണ്ടടി മുന്നേറാനാണെന്നത് വികസനത്തെ മുൻനിർത്തിയാണ്. അതിനെ കാർഷിക നിയമവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് ഗൂഢലക്ഷ്യമാണെന്നും തോമർ പറഞ്ഞു.
കേന്ദ്രസർക്കാർ മികച്ച നിയമങ്ങളാണ് എന്നും കൊണ്ടുവന്നിട്ടുള്ളത്. പാർലമെന്റിൽ എല്ലാ ബില്ലുകളും നിയമമാക്കുന്നതിന് മുമ്പ് എല്ലാവർക്കും ചർച്ചക്കുള്ള അവസരം യഥേഷ്ടം നൽകിയിരുന്നു. എന്നാൽ എല്ലാം കഴിയുമ്പോൾ ജനങ്ങളെ വിഡ്ഢിയാക്കുന്ന തരത്തിൽ അവരെ സമരത്തിലേക്ക് തളളിവിടുന്നത് കർഷക ദ്രോഹമാണെന്നും തോമർ പറഞ്ഞു.
രാജ്യത്തെ കർഷകർ 70 വർഷമായി അടിച്ചമർത്തപ്പെട്ടു കഴിയുന്നവരാണ്. അവരെ രക്ഷിക്കാനുള്ള നിയമമാണ് നടപ്പിലാക്കിയത്.പ്രക്ഷോഭത്തിന്റെ പേരിൽ ഇന്ത്യയുടെ നട്ടെല്ലായ കർഷകർ തെരുവിൽ കിടക്കേണ്ടി വന്നു. അവരുടെ കണ്ണീര് വീഴാതിരിക്കാനാണ് ഒരടി പിന്മാറിയത്. കർഷകരെ ശാക്തീകരിക്കുന്ന എല്ലാ നടപടികളുമായി മുന്നോട്ട് പോകുമെന്നും തോമർ വ്യക്തമാക്കി.
















Comments