സന്നിധാനം: ശബരിമല ശ്രീകോവിലിന് മുൻപിൽ പ്രസാദം വാങ്ങുന്ന ചിത്രം പങ്കുവെച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കൂവയിലയിൽ പ്രസാദം വാങ്ങുന്ന ചിത്രമാണ് മന്ത്രി സോഷ്യൽ മീഡയിയിലൂടെ പങ്കുവെച്ചത്.
മണ്ഡലകാലത്തിന്റെ തുടക്കത്തിൽ ശ്രീകോവിലിന് മുൻപിൽ വെച്ച് നൽകിയ തീർത്ഥം കൈക്കുമ്പിളിൽ നിന്ന് ഒഴുക്കികളയുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ വലിയ വിമർശനങ്ങൾക്കും വിശ്വാസികളുടെ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. അയ്യപ്പഭക്തരുടെ രോഷം തണുപ്പിക്കാനുളള സൈക്കോളജിക്കൽ മൂവ് ആണ് ചിത്രമെന്ന് വേണം കരുതാൻ.
തങ്ക അങ്കി ഘോഷയാത്രയെ സന്നിധാനത്ത് വരവേൽക്കുന്നതിനും മണ്ഡലപൂജ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുമാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇന്നലെ സന്നിധാനത്ത് എത്തിയത്. അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി നടത്തിയ ദീപാരാധനയിലും മന്ത്രി പങ്കെടുത്തിരുന്നു. മകരവിളക്ക് മഹോൽസവ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മന്ത്രി ഇന്ന് മടങ്ങും.
വിശ്വാസികളായ നേതാക്കളെ ദേവസ്വം വകുപ്പ് ഏൽപിക്കണമെന്നും സിപിഎമ്മിന് പറ്റില്ലെങ്കിൽ ഘടകകക്ഷികൾക്ക് കൈമാറണമെന്നുമുളള വിമർശനങ്ങൾ പാർട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കിയിരുന്നു. യുവതീ പ്രവേശന നിലപാടിൽ സിപിഎമ്മിനോടും എൽഡിഎഫിനോടും അയ്യപ്പ ഭക്തരുടെയും വിശ്വാസികളുടെയും രോഷം തുടരുന്നതിനിടയിലായിരുന്നു വിശ്വാസികളെ വേദനിപ്പിക്കുന്ന മന്ത്രിയുടെ പ്രവൃത്തി. തന്റെ വിശ്വാസം അനുസരിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്നായിരുന്നു സംഭവത്തിൽ കെ. രാധാകൃഷ്ണന്റെ വിശദീകരണം.
















Comments