വർണ്ണവിവേചന വിരുദ്ധ നേതാവ് ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ വേർപാടിൽ കണ്ണീരണിഞ്ഞ് ദക്ഷിണാഫ്രിക്ക.ദക്ഷിണാഫ്രിക്കയിൽ ഒരാഴ്ചത്തെഅനുസ്മരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.രാജ്യത്ത് രണ്ട് ദിവസത്തേക്ക് ദു:ഖാചരണമാണ്.ജനുവരി 1 നാണ് കേപ്ടൗണിൽ വെച്ച് സംസ്‌കാരണചടങ്ങുകൾ നടക്കുക. പ്രധാനമന്ത്രി നരന്ദ്രേ മോദി,ഫ്രാൻസിസ് മാർപാപ്പ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ രാജ്ഞി എലിസബത്ത് എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള നേതാക്കൾ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന് ആദരാഞ്ജലികൾ അർപ്പിച്ചു.
നെൽസൻ മണ്ടേല കഴിഞ്ഞാൽ കറുത്ത വർഗ്ഗക്കാർക്കായുള്ള പോരാട്ടത്തിൽ ലോകം ഏറ്റവുമധികം കേട്ട പേര് ഡെസ്മണ്ട് ടുട്ടുവിൻറേത് ആയിരുന്നു. ആംഗ്ലിക്കൻ ബിഷപ്പായ അദ്ദേഹം മതത്തെ മനുഷ്യ വിമോചനത്തിനുള്ള പ്രത്യയശാസ്ത്രമായി അവതരിപ്പിച്ചു. ഡെസ്മണ്ട് ടുട്ടുവിന്റെ പോരാട്ടം ലോകമെങ്ങും മതത്തിനുള്ളിലെ പുരോഗമന ശബ്ദങ്ങൾക്ക് കരുത്ത് പകർന്നിരുന്നു.
1931 ഒക്ടോബർ ഏഴിനാണ് ജൊഹ്നാസ്ബർഗിലെ ക്ലെർക്‌സ്‌ഡോർപ്പിൽ ഡെസ്മണ്ട് ടുട്ടു ജനിച്ചത്. ദൈവശാസ്ത്ര സെമിനാരിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപകനായിട്ടായിരുന്നു ജോലി. 1961 ലാണ് ആംഗ്ലിക്കൻ പുരോഹിതനായി ഡെസ്മണ്ട് ടുട്ടു അഭിഷിക്തനാവുന്നത്. പിന്നീട് ദക്ഷിണാഫ്രിക്കയിൽ നെൽസൻ മണ്ടേല അടക്കമുള്ള പ്രമുഖ നേതാക്കൾക്കൊപ്പം വർണ വിവേചനത്തിനെതിരായ കറുത്ത വർഗക്കാരുടെ പ്രധാന ശബ്ദമായി ടുട്ടു ഉയർന്നു. പ്രോസ്റ്റേറ്റ് ക്യാൻസറിനെ തുടർന്ന് 1997 ൽ ഡെസ്മണ്ട് ടുട്ടുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് പിന്നാലെ അണുബാധയെ തുടർന്നും മറ്റ് രോഗങ്ങൾക്കുമായി നിരവധി തവണ ടുട്ടുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പൊതുജീവിതത്തിൽ നിന്ന് 2010 ൽ ഡെസ്മണ്ട് ടുട്ടു ഔദ്യോഗികമായി വിരമിച്ചു. എങ്കിലും തന്റെ ഡെസ്മണ്ട് ആൻറ് ലിയ ടുട്ടു ലെഗസി ഫൗണ്ടേഷൻ വഴി ടുട്ടു ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നിരുന്നു. ഈ വർഷം കൊറോണ വൈറസിനെതിരായ വാക്‌സീൻ എടുക്കാനായി ടുട്ടു കേപ് ടൗണിൽ ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാവരെയും വാക്‌സീൻ എടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
















Comments