കാൺപൂർ: സമാജ് വാദി പാർട്ടി നേതാവ് പീയൂഷ് ജയിനിന്റെ കള്ളപ്പണശേഖരം ഒടുവിൽ എണ്ണതീർന്നതായി ജി.എസ്.ടി അധികൃതർ.കള്ളപ്പണത്തിനൊപ്പം ഇന്ത്യയിലും വിദേശത്തുമായി 16 വൻകിട ഭൂമി-കെട്ടിട ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.
കാൺപൂർ കേന്ദ്രീകരിച്ച് സുഗന്ധദ്രവ്യ നിർമ്മാണ ശാലയിൽ നടന്ന റെയ്ഡിൽ വ്യവസായിയും പാർട്ടി അനുഭാവിയുമായ പീയുഷ് ജെയിനിനെയാണ് നികുതി വെട്ടിപ്പിന്റെ പേരിൽ പിടികൂടിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ കള്ളപ്പണവേട്ടകളിലൊന്നാണ് ആദായനികുതി വകുപ്പും ചരക്കുസേവന നികുതി വകുപ്പും നടത്തിയത്. ക്രിസ്തുമസിനോടനുബന്ധിച്ചാണ് അറസ്റ്റ്ും റയ്ഡും നടന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് 69-ാം വകുപ്പുപ്രകാരമാണ് കേസ്സെടുത്തത്.
120 മണിക്കൂറുകളെടുത്താണ് പണവും മറ്റ് രേഖകളും അധികൃതർ എണ്ണി തിട്ടപെടുത്തുകയും രേഖകളുടെ പകർപ്പുകൾ ബോദ്ധ്യപ്പെട്ടതും. ഇതുകൂടാതെ 50 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് രഹസ്യവിവരങ്ങളും കള്ളക്കടത്തടക്കമുള്ള വിവരങ്ങളും അധികൃതരെ പീയൂഷ് ധരിപ്പിച്ചത്. 18 രഹസ്യ അറകളിലായിട്ടാണ് കള്ളപ്പണം ഒളിപ്പിച്ചിരുന്നത്. 500 താക്കോലുകളും കണ്ടെത്തിയിരുന്നു. 21 പെട്ടികളിലായാണ് നോട്ടുകൾ അധികൃതർ കൊണ്ടുപോയത്. പണം എണ്ണിത്തീരാൻ അഞ്ച് നോട്ടെണ്ണൽ യന്ത്രങ്ങളാണ് ഉപയോഗിച്ചത്. ഇതിന് പുറമെ നിരവധി സ്വർണ്ണാഭരണങ്ങളും ഫാക്ടറിയിൽ നിന്നും 10 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
പീയുഷിന്റെ കാൺപൂർ, കനൗജ്, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ വീട്, ഫാക്ടറി, ഓഫീസ്, കോൾഡ് സ്റ്റോർ, പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. 40 ലേറെ ഷെൽ കമ്പനികൾ വഴി മൂന്ന് കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിരുന്നു. ഷെൽ കമ്പനികളുടെ പേരിൽ പീയുഷ് ജെയിൻ വായ്പ്പ എടുക്കുകയും അനധികൃതമായി വിദേശ ഇടപാടുകൾ നടത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കനൗജിലെ ചിപ്പട്ടി സ്വദേശിയായ പീയുഷ് ജെയിനിന് പശ്ചിമേഷ്യയിൽ രണ്ട് കമ്പനികൾ ഉൾപ്പെടെ 40ഓളം കമ്പനികളും മുംബൈയിൽ ഒരു ആഡംബര വസതിയും ഹെഡ് ഓഫീസും ഷോറൂമുമുണ്ട്. പീയുഷ് ജെയിൻ സുഗന്ധദ്രവ്യ നിർമ്മാണത്തിലൂടെയാണ് ഉപജീവനം ആരംഭിച്ചത്. ഈ വർഷമാണ് സമാജ് വാദി പാർട്ടിയുമായുള്ള സജീവ ബന്ധം പരസ്യമായത്.
















Comments