ഡിയോരമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള ഗോൾഡൻ സ്പാരോ പുരസ്‌കാരം നടൻ ജോജു ജോർജിന്്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച നടന് പുറമെ ഏറ്റവും മികച്ച രണ്ടാമത്തെ ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരവും നായാട്ടിന് ലഭിച്ചു. ‘ബറാ ബറ’ എന്ന ഹിന്ദി ചിത്രമാണ് ഏറ്റവും മികച്ച ചലച്ചിത്രം.
നായാട്ട് എന്ന ചിത്രത്തെക്കുറിച്ചും ജോജുവിന്റെ പ്രകടനത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് ജൂറി അംഗങ്ങൾ പങ്കുവെച്ചത്. സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിലൂടെ റിമ കല്ലിങ്കലിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. ഗിരിഷ് കാസറവളളി , മനീഷ കൊയ്രാള, സുരേഷ് പൈ, സുദീപ് ചാറ്റർജീ, സച്ചിൻ ചാറ്റെ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
84 രാജ്യങ്ങളിൽ നിന്നുള്ള 130-ലധികം സിനിമകൾ ആണ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്. ഡൽഹിയിലെ സിരി ഫോർട്ട് ഓഡിറ്റോറിയത്തിലെ ഗ്രൗണ്ടിലായിരുന്നു മേള നടന്നത്. നായാട്ടിലെ മണിയൻ എന്ന കഥാപാത്രമായി ജോജു ജോർജ്ജിന്റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ രചന ഷാഹി കബീർ ആണ്.
ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി, മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളിൽ സംവിധായകൻ രഞ്ജിത്ത്, പി എം ശശിധരൻ, മാർട്ടിൻ പ്രക്കാട്ട് എന്നിവർ ചേർന്നായിരുന്നു നിർമ്മാണം. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. ‘ചാർലി’ പുറത്തിറങ്ങി ആറ് വർഷത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണിത്.
















Comments