തിരുവനന്തപുരം : എറണാകുളം കിഴക്കമ്പലത്ത് വിവിധ ഭാഷാ തൊഴിലാളികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. സംഭവവുമായി ബന്ധപ്പെട്ട് 164 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എല്ലാവരും പ്രതികളാണെന്നും പോലീസ് പറയുന്നു. എന്നാൽ ഇതിൽ 152 പേർ മാത്രമാണ് ക്യാമ്പിൽ താമസിക്കുന്നത് എന്ന് സാബു ജേക്കബ് പറഞ്ഞു. മറ്റ് പന്ത്രണ്ട് പേരെ പോലീസ് എവിടെനിന്നാണ് കണ്ടെത്തിയത് എന്ന് അറിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
12 ക്വാട്ടേഴ്‌സുകളിലായി 984 പേരാണ് ക്യാമ്പിൽ താമസിക്കുന്നത്. ഇതിൽ 499 പേർ മലയാളികളാണ്. 485 ആളുകൾ വിവിധ ഭാഷാ തൊഴിലാളികളാണ്. മലയാളി തൊഴിലാളികളെ മാറ്റി നിർത്തിക്കൊണ്ട് മൂന്ന് ക്വാട്ടേഴ്‌സുകളിൽ നിന്നായിട്ടാണ് അർദ്ധരാത്രി പോലീസ് പ്രതികളെ പിടികൂടിയത്. രണ്ട് മണിക്ക് നടന്ന സംഭവത്തിലെ പ്രതികളെ അഞ്ചര മണിയോടെ പിടികൂടി എന്നാണ് പോലീസ് അവകാശപ്പെടുന്നത്. 10,11,12 ക്വാട്ടേഴ്‌സുകളിലുള്ള ഹിന്ദിക്കാരെയാണ് പോലീസ് പുലർച്ചെയോടെ അറസ്റ്റ് ചെയ്ത് നീക്കിയത്. എന്നാൽ ഈ മൂന്ന് ക്വാട്ടേഴ്‌സുകളിലാണ് പ്രതികൾ താമസിക്കുന്നത് എന്ന് പോലീസിന് എങ്ങനെ മനസിലായെന്നും സാബു ജേക്കബ് ചോദിച്ചു.
ദൃക്‌സാക്ഷികളോ ക്യാമറയോ ഇല്ലാതെ പോലീസിന് എങ്ങനെയാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് മുതൽ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിന് അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമുള്ള നടപടികളാണ് കിറ്റക്‌സിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സിസിടിവി ക്യാമറകളുടെയും തെളിവുകളുടേയും അടിസ്ഥാനത്തിൽ 2 പ്രതികളെ കണ്ടെത്തി പോലീസിന് ഇന്നലെ കൈമാറിയിരുന്നു. പോലീസ് പിടികൂടി 164 പേരിൽ 13 പേർ മാത്രമാണ് പ്രതികളെന്നും ബാക്കി എല്ലാവരും നിരപരാധികളാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് ഇവർ പ്രതികളാണെന്ന് തിരിച്ചറിഞ്ഞത് എന്നും എന്ത് അടിസ്ഥാനത്തിലാണ് പോലീസ് നിരപരാധികളെ പിടികൂടിയത് എന്നും സാബു ജേക്കബ് ചോദിച്ചു. പ്രതികളായ 12 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പോലീസിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെത്തി പോലീസിനെ ആക്രമിച്ച കുറ്റവാളികൾ ആരും തന്നെ രക്ഷപ്പെടാൻ പാടില്ല. അവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യണം. എന്നാൽ തന്നോടുള്ള വിദ്വേഷം കൊണ്ട് 151 നിരപരാധികളെ പോലീസും സർക്കാരും ചേർന്ന് ശിക്ഷിക്കുന്നത് ശരിയല്ലെന്നും കിറ്റെക്‌സ് എംഡി ആരോപിച്ചു. കിറ്റെക്‌സ് സ്ഥാപനത്തേയും ട്വിന്റി ട്വിന്റിയെയും ഇല്ലാതാക്കാനുള്ള സർക്കാർ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികൾക്ക് നിയമ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
















Comments