ശ്രീനഗർ: ജമ്മുകശ്മീരിലെ ഭീകരെ കണ്ടെത്തി വകവരുത്താൻ കരിമ്പുലികളെ ഇറക്കി പോലീസ് സേനാ വിഭാഗം. ബ്ലാക്പാന്തർ കമാന്റ് എന്ന പേരിൽ അതിവേഗ നീക്കങ്ങൾക്ക് സഹായമാകുന്ന വാഹനങ്ങളും കമാന്റോകളുമാണ് ഇനി ശ്രീനഗറിലെ ജനങ്ങളുടെ സുരക്ഷ ഏറ്റെടുക്കുന്നത്. ജമ്മുകശ്മീർ പോലീസ് മേധാവി ദിൽബാഗ് സിംഗാണ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തത്.
പട്രോളിംഗിനും, സൈനികർക്കൊപ്പമുള്ള പോലീസ് ഓപ്പറേഷനുകൾക്കും നിരീക്ഷണ ങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന വാഹനമാണ് കശ്മീർ പോലീസ് സ്വന്തമാക്കിയത്. മുൻപ് പുറത്തിറക്കിയ വാഹനത്തെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടെ നവീകരിച്ചത്. മികച്ച 15 സി.സി.ടിവി ക്യാമറകൾ 360 ഡിഗ്രി ചിത്രങ്ങളെടുക്കും, പൂർണ്ണമായും എ.സിയാക്കിയ ക്യാബിൻ, പൊതുസമൂഹത്തിന് മുന്നറിയിപ്പും സൂചനകളും നൽകാനുള്ള മൈക്കുകൾ, എത്ര മഞ്ഞിലും റോഡുകൾ കാണാവുന്ന ലൈറ്റുകൾ, സെർച്ച് ലൈറ്റുകൾ, വൈദ്യുതി തടസ്സമുണ്ടാകാതിരിക്കാനുള്ള ബാറ്ററികൾ എന്നിവയാണ് പ്രധാന സവിശേഷത. ഒപ്പം ആശയവിനിമിയ സൗകര്യങ്ങളും പത്തിലേറെ പേർക്ക് യാത്ര ചെയ്യാനാകുന്ന സംവിധാനവും വാഹനത്തിന്റെ പ്രത്യേകതയാണ്.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഭീകരവേട്ടയിൽ സൈന്യത്തിന് ശക്തമായ പിന്തുണ യാണ് ജമ്മുകശ്മീർ പോലീസ് നൽകുന്നത്. ഭീകരരുടെ ഒളിത്താവളങ്ങൾ പലപ്പോഴും കണ്ടെത്തുന്നതും അത് വളയുന്നതും പ്രദേശവാസികളുടെ സുരക്ഷ നോക്കുന്നതുമെല്ലാം പോലീസ് വിഭാഗം തന്നെയാണ്. പലപ്പോഴും ഭീകരരുടെ ഒളിയാക്രമണങ്ങളും ജനങ്ങളെ കവചങ്ങളാക്കിയുള്ള ആക്രമണങ്ങളിലും ആദ്യം പ്രതിരോധിക്കേണ്ടിവരുന്നത് പോലീസുകാർക്കാണ്.
















Comments