ഭക്ഷണം കഴിക്കുന്നതിന് വേണ്ടി മാസ്‌ക് അഴിച്ചു മാറ്റിയ വൃദ്ധനെ വിമാനത്തിനുള്ളിൽ വച്ച് ശാരീരികമായി ആക്രമിച്ച് യുവതി. 80 വയസ്സുള്ള വൃദ്ധന്റെ മുഖത്തേക്ക് യുവതി തുപ്പുകയും അടിക്കുകയും ചെയ്തു. അതേസമയം ഈ യുവതിയും മാസ്‌ക് ധരിച്ചിരുന്നില്ല. മുഖത്ത് നിന്ന് താഴ്‌ത്തി താടിയിലായാണ് യുവതി മാസ്‌ക് ഇട്ടിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വിമാനത്തിലുണ്ടായിരുന്ന ഒരാളാണ് പകർത്തിയത്. കഴിഞ്ഞയാഴ്ച ഡെൽറ്റ എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം ഉണ്ടായത്. വൃദ്ധനെതിരെ ആക്രമണം നടത്തിയ പട്രീഷ്യ കോൺവാൾ എന്ന യുവതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഫ്‌ളോറിഡയിൽ നിന്നും ജോർജിയയിലെ അറ്റ്ലാന്റയിലേക്കുള്ള ഡെൽറ്റ എയർലൈൻസ് വിമാനമായിരുന്നു ഇത്. യുവതിയുടെ പ്രവർത്തി സഹയാത്രികർക്കും, വിമാനത്തിലെ ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയതായും പോലീസ് പറഞ്ഞു. മറ്റ് യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ പോലീസ് എത്തി ഇവരെ ചോദ്യം ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Delta flight from Tampa to Atlanta got crazy‼️ pic.twitter.com/I9BZUKv3LB
— ATL Uncensored | Atlanta News (@ATLUncensored) December 25, 2021
വീഡിയോയിൽ യുവതി വൃദ്ധന് നേരെ ആക്രോശിക്കുന്നത് വ്യക്തമായി കാണാം. ഭക്ഷണം കഴിക്കുന്നതിനാണ് വൃദ്ധൻ മാസ്‌ക് ഊരി മാറ്റിയതെന്നാണ് വിവരം. മുഖംമൂടി ധരിക്കാൻ പറഞ്ഞുകൊണ്ടാണ് പട്രീഷ്യ വൃദ്ധന് നേരെ ആക്രോശിക്കുന്നത്. മാസ്‌ക് ധരിച്ചില്ലെങ്കിൽ നീ ജയിലിൽ പോകുമെന്നും ഈ യുവതി പറയുന്നുണ്ട്. എന്നാൽ യുവതി മാസ്‌ക് ധരിച്ചിട്ടില്ലെന്നതാണ് ഇതിലെ വൈരുദ്ധ്യം. വിമാനത്തിലെ ജീവനക്കാരെത്തി യുവതിയെ മാറ്റാൻ തുടങ്ങുമ്പോൾ യുവതി വൃദ്ധന്റെ മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്യുന്നുണ്ട്. ബലം പ്രയോഗിച്ചാണ് ജീവനക്കാർ യുവതിയെ മാറ്റിക്കൊണ്ടു പോകുന്നത്. ഇത്തരം പെരുമാറ്റങ്ങൾ തങ്ങളുടെ വിമാനത്തിനുള്ളിൽ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഡെൽറ്റ എയർലൈൻസിന്റെ പ്രസ്താവനയിൽ പറയുന്നു.
















Comments