ചിപ്പ് ക്ഷാമം, കൊറോണ, സാമ്പത്തിക പ്രതിസന്ധി എന്നിവ കാരണം 2021 ഇന്ത്യൻ കാർ മേഖലയ്‌ക്ക് അത്ര നല്ല കാലമല്ലായിരുന്നു. എന്തിനതികം പറയുന്നു, അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് ഇന്ത്യ വിട്ട് പോയ ഒരു വർഷം കൂടിയായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഏതാനും ദിവസങ്ങൾക്ക് ശേഷം വരാൻ പോകുന്ന 2022നെ ഇന്ത്യൻ വാഹന മേഖല പ്രത്യാശയോടെയാണ് കാണുന്നത്. 2022 കളറാക്കാനായി പുത്തൻപുതു മോഡലുകളുമായി കളംനിറക്കാനാണ് വാഹന നിർമ്മാതാക്കൾ തയ്യാറെടുക്കുന്നത്. ഇന്ത്യൻ വിപണി കീഴടക്കാൻ 2022ൽ നിരത്തിലെത്തുന്ന മോഡലുകൾ ഏതെല്ലാമെന്ന് നോക്കാം
ആദ്യം ജനപ്രിയ ബ്രാൻഡായ മാരുതിയിൽ നിന്ന് തന്നെ തുടങ്ങാം.2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചത് മുതൽ ഇന്ത്യൻ വാഹനപ്രേമികൾ കാത്തിരിക്കുന്ന മാരുതിയുടെ വാഹനമാണ് ജിംനി. ഇന്ത്യയിൽ മാരുതി അവതരിപ്പിക്കുന്ന ആദ്യ ഓഫ്-റോഡറാണിത്. വാഹനം 2022ൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ അവതരിപ്പിച്ച് ഇതിനോടകം വൻ സ്വീകര്യത നേടിയ വാഹനമാണ് ജിംനി. ഇന്ത്യയിലെ കാർ പ്രേമികൾ വളരെ പ്രതീക്ഷയോടെയാണ് ജിംനിയുടെ വരവ് നോക്കിക്കാണുന്നത്. 2022 ഏപ്രിലോടെ ആല്ലെങ്കിൽ നവംബറോടെ വാഹനം നിരത്തുകളിൽ എത്തുമെന്നാണ് സൂചന. ഏകദേശം 7 ലക്ഷത്തിനും 11 ലക്ഷത്തിനും ഇടയിലായിരിക്കും ജിംനിയുടെ വില.
അടുത്തതായി മാരുതിയുടെ തന്നെ മോഡലായ ബ്രെസയാണ് 2022ൽ എത്തുന്ന അടുത്ത വാഹനം. നിങ്ങൾ ചിന്തിക്കുന്നുണ്ടാകും എന്തുകൊണ്ടാണ് ബ്രെസ എന്ന് മാത്രം പറഞ്ഞത് ഇതിന്റെ പേരിൽ വിറ്റാര എന്ന് കൂടെ ഇല്ലേ എന്ന്? ഇതിനുത്തരം ഇതാണ്….2022ൽ പുറത്തിറങ്ങുന്ന വാഹനത്തിന് വിറ്റാര എന്ന പേരില്ല. മാരുതി ബ്രെസ എന്നാണ് പുതിയ വാഹനത്തിന്റെ പേര്്. മാരുതി ഇത് വരെ അവതരിപ്പിക്കാത്ത മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ വാഹനത്തിന്…അതേ സൺറൂഫ്. മാരുതിയുടെ ബ്രെസയിൽ സൺറൂഫ് ഉൾപ്പെടുത്തിയിട്ടുണ്ട്. 8 മുതൽ 11.5 ലക്ഷം വരെയാണ് വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്. ജൂൺ-ജൂലൈ മാസങ്ങളിൽ പുതിയ ബ്രെസ നിരത്തിലെത്തുമെന്നാണ് സൂചന.
മാരുതിയുടെ പ്രീമിയം വാഹനമായ എസ്-ക്രോസിന്റെ പുതിയ വേർഷനാണ് അടുത്തായി 2022 എത്താൻ പോകുന്ന വാഹനം. 9.5 ലക്ഷം മുതൽ 13 ലക്ഷം രൂപ വരെയാണ് എസ്-ക്രോസിന്റെ വില പ്രതീക്ഷിക്കുന്നത്. അതുപോലെ മാരുതിയുടെ മറ്റൊരു പ്രീമിയം വാഹനമായ എംപിവിയായ എക്സ്എൽ6നും പുതിയ ഒരു അപ്ഡേറ്റ് 2022ൽ പ്രതീക്ഷിക്കുന്നുണ്ട്.
ഇനി നമ്മൾ കാണാൻ പോകുന്നത് 2021ൽ ഏറ്റവും അധികം സ്‌കോർ ചെയ്ത ഏറ്റവും മികച്ച് നിന്ന ടാറ്റയുടെ വാഹനങ്ങളാണ്. ടാറ്റാ 2022നെ കാണുന്നത് ഇ.വി ഇയറായാണ്. 2022ൽ ടാറ്റാ പുറത്തിറക്കുന്നതിലധികവും ഇലക്ട്രിക് വാഹനങ്ങളായിരിക്കും. ഇതിൽ ഭൂരിഭാഗവും നിലവിൽ ഇന്ത്യൻ നിരത്തിലുള്ള വാഹനങ്ങളുടെ ഇ.വി പതിപ്പായിരിക്കും. ടാറ്റാ ടിയാഗോ, ടാറ്റാ ആൾട്രോസ് എന്നീ രണ്ട് മോഡലുകളുടെ ഇ.വി പതിപ്പാണ് 2022ൽ നിർമ്മാതാക്കൾ പ്രധാനമായും പുറത്തിറക്കുന്നത്. ടാറ്റാ എപ്പോഴും അപ്രതീക്ഷിതമായാണ് വാഹനങ്ങൾ പുറത്തിറക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ പ്രഖ്യാപിക്കുന്നത്. സർപ്രൈസുകളാണ് ടാറ്റയുടെ മെയിൻ. അത്തരത്തിലൊരു സസ്പെൻസായിരുന്നു പഞ്ച്. 2022ൽ ടാറ്റാ ഇന്ത്യൻ നിരത്തിനായി കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.
അടുത്തതായി മറ്റൊരു ജനപ്രിയ മോഡലായ ഹ്യൂണ്ടായിയുടെ മോഡലുകൾ ഏതെല്ലാമെന്ന് നോക്കാം. പുതിയ വാഹനങ്ങളെക്കാൾ പഴയ വാഹനങ്ങളുടെ ഫെയ്സ് ലിഫ്റ്റ് പതിപ്പുകളാണ് ഹ്യൂണ്ടായി 2022ൽ പുറത്തിറക്കുന്നത്. നിർമ്മാതാക്കളുടെ ഏറ്റവും ജനപ്രിയ മോഡലുകളായ ക്രെറ്റയുടെയും, വെന്യൂവിന്റെയും ഫെയ്സ് ലിഫ്റ്റ് മോഡലുകൾ അടുത്ത വർഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഹ്യൂണ്ടായിയുടെ പുതിയ മോഡലുകളെ കുറിച്ചും കാര്യമായ വ്യക്തതകൾ നിർമ്മാതാക്കൾ ഇനിയും നൽകിയിട്ടില്ല.
മാരുതി സുസുക്കി എക്സ്എൽ6, മാരുതി സുസുക്കി എർട്ടിഗ, മഹീന്ദ്ര മറാസോ എന്നിവയ്‌ക്ക് വെല്ലുവിളിയാവുന്ന 7-സീറ്റർ എംപിവിയാണ് കിയ 2022ൽ ഒരുക്കിയിരിക്കുന്ന പുതുവത്സര സമ്മാനം. കാരെൻസ് എന്ന ഈ വാഹനത്തിന് 12 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. സെൽറ്റോസിന്റെ അതേ ക്യാറ്റഗറിയിലാണ് കാരെൻസും എത്തുന്നത്. 2022 ജനുവരിയിൽ തന്നെ കാരെൻസ് പുറത്തിറക്കുമെന്നാണ് വിവരം. അടുത്തത് കിയയുടെ തന്നെ പ്രീമിയം വാഹനമായ കാർണിവൽ ആണ്. 2022 മാർച്ചിൽ കാർണിവല്ലിന്റെ പുത്തൻ പതിപ്പ് എത്തുമെന്നാണ് പ്രതീക്ഷ. 25 ലക്ഷത്തിന് മുകളിലായിരിക്കും ഇതിന്റെ വില.
ഇനി മഹീന്ദ്രയുടെ വാഹനങ്ങൾ നോക്കാം. മഹീന്ദ്രയും ഇ.വിയിലേയ്‌ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. മൂന്നോ നാലോ ഇ.വി വാഹനങ്ങൾ പുറത്തിറക്കാനാണ് മഹീന്ദ്ര പദ്ധതിയിടുന്നത്. ഇതിന് വേണ്ട സാങ്കേതിക സഹായം ലഭിക്കുന്നതിനായി റിലയൻസുമായി അടുത്തിടെ മഹീന്ദ്ര കൈകോർത്തിരുന്നു. ഇ-കെയുവി എന്ന് പേരിട്ടിരിക്കുന്ന ഇ.വിയായിരിക്കും ആദ്യം എത്തുന്ന. 2022 മാർച്ചോടെ വാഹനം നിരത്തിലെത്തും. ഏകദേശം 8 ലക്ഷത്തിന് മേലെയായിരിക്കും വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വാഹനപ്രേമികളുടെ രോമാഞ്ചമായ സ്‌കോർപ്പിയോയാണ് 2022ൽ മഹീന്ദ്ര പുറത്തിറക്കുന്നത്. സ്‌കോർപ്പിയോയുടെ പുതിയ പതിപ്പ് ജൂൺ മാസത്തോടെ നിരത്തിലെത്തും. 12 ലക്ഷം രൂപ മുതലാണ് വിലപ്രതീക്ഷിക്കുന്നത്.
2022 വാഹനം വാങ്ങാൻ വിചാരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ കൺഫ്യൂഷൻ നിറഞ്ഞ വർഷം തന്നെയായിരിക്കും. ഇ.വി വാങ്ങണോ, ഫെയ്സ് ലിഫ്റ്റ് പതിപ്പ് വാങ്ങണോ എന്നിങ്ങിനെ ആകെ കൺഫ്യൂഷനിലൂടെ ഉപഭോക്താക്കൾ കടന്നു പോയേക്കാവുന്ന വർഷമായിരിക്കും 2022. വാഹന നിർമ്മാതാക്കളും വളരെ പ്രതീക്ഷയോടെയാണ് 2022നെ നോക്കിക്കാണുന്നത്. അടുത്ത വർഷം ഇന്ത്യൻ വാഹന മേഖലയ്‌ക്ക് പുത്തൻ ഉണർവേകട്ടെയെന്ന് പ്രതീക്ഷിക്കാം….
Comments