പനാജി: ഇന്ത്യയിലെ പുതുവത്സരാഘോഷങ്ങൾ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ഗോവ. ഇവിടെ നടക്കുന്ന ന്യൂഇയർ ആഘോഷങ്ങളിൽ അടിച്ചുപൊളിക്കാനായി വിദേശ സഞ്ചാരികളടക്കം എത്താറുണ്ട്. അതുകൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും വലിയ പുതുവത്സരാഘോഷം നടക്കുന്ന ഇടം കൂടിയാണ് ഗോവയെന്ന് നിസംശയം പറയാം. ഇവിടുത്തെ റിസോർട്ടുകളിലും ബീച്ചുകളിലും ഹോട്ടലുകളിലും നടക്കുന്ന പരിപാടികൾക്കായി കാത്തിരിക്കുന്നവർ നിരവധിയാണ്.
എന്നാൽ ഇത്തവണ പുതുവത്സരം കളറാക്കാൻ ഗോവയിലേയ്‌ക്ക് പോകാനൊരുങ്ങുന്നവർ ചിലത് കയ്യിൽ കരുതേണ്ടിവരും. കൊറോണയുടെയും ഒമിക്രോണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തേയ്‌ക്ക് എത്തുന്നവർക്കായി പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഗോവൻ സർക്കാർ. ആഘോഷങ്ങൾക്കായി എത്തുന്നവർ കൊറോണ നെഗറ്റീവ് സർട്ടീഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിൻ എടുത്ത രേഖകളോ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു.
പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രവേശനം അനുവദിക്കണമെങ്കിൽ രേഖകൾ കാണിക്കണം. ആഘോഷ പരിപാടികളുടെ സംഘാടകർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ജില്ലാ ഭരണാധികാരികൾ ഇന്ന് നൽകി കഴിഞ്ഞു. ഗോവയുടെ പ്രധാന വരുമാന മാർഗ്ഗമാണ് വിനോദസഞ്ചാരം.
അതുകൊണ്ടുതന്നെ രാത്രികാല കർഫ്യൂകൾ പോലുള്ള കടുത്ത നിയന്ത്രണങ്ങൾ തൽകാലം ഏർപ്പെടുത്തേണ്ടെന്നാണ് സർക്കാറിന്റെ തീരുമാനം. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ വിനോദ സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ. അതുകൊണ്ടു തന്നെ ന്യൂ ഇയർ കഴിയുന്നതുവരെ കർഫ്യൂ പോലുള്ള നിയന്ത്രണങ്ങളുണ്ടാവില്ല.
Comments