ചണ്ഡിഗഢ്: പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശിരോമണി അകാലിദൾ, കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ. ശിരോമണി അകാലിദൾ മുൻ എംഎൽഎയും സുഖ്ബീർ സിംഗ് ബാദലിന്റെ അടുത്ത അനുയായിയുമായ ജഗ്ദീപ് സിംഗ് നാകൈ, രവിപ്രീത് സിംഗ് സിദ്ധു, മുൻ കോൺഗ്രസ് എംഎൽഎ ഷംഷേർ സിംഗ് റായ്, ഒ ബിസി നേതാവ് ഹർഭാഗ് സിംഗ് ദേശു എന്നിവരാണ് ബിജെപിയിൽ എത്തിയത്. ഡൽഹിയിൽ പഞ്ചാബിന്റെ പാർട്ടി ചുമതലയുളള ഗജേന്ദ്രസിംഗ് ഷെഖാവത്തിന്റെയും മറ്റ് മുതിർന്ന ബിജെപി നേതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് ഇവർ ബിജെപിയിൽ ചേർന്നതായി പ്രഖ്യാപിച്ചത്.
പഞ്ചാബിൽ ബിജെപി അനുകൂല തംരഗമായതിനാലാണ് ഇത്രയും മുതിർന്ന നേതാക്കൾ പോലും ബിജെപിയിലേക്ക് എത്തുന്നതെന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചൂണ്ടിക്കാട്ടി. മറ്റ് പാർട്ടികൾക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരുന്നവരാണ് ഇവർ. എന്നാൽ ഇപ്പോൾ ബിജെപിയുടെ ആശയങ്ങളെ അംഗീകരിച്ച് അവർ ബിജെപിയിലേക്ക് എത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിരോമണി അകാലിദളിന്റെ യുവമുഖമാണ് രവിപ്രീത് സിംഗ് സിദ്ധു. പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയും ട്രഷററുമായിരുന്നു അദ്ദേഹം. സ്വജനപക്ഷപാതമാണ് ഇപ്പോൾ ശിരോമണി അകാലിദളിൽ നടക്കുന്നതെന്നായിരുന്നു രവിപ്രീത് സിംഗിന്റെ ആരോപണം.
സുഖ്ബീർ സിംഗ് ബാദലുമൊത്ത് പഠനകാലം മുതൽ സുഹൃത്തായിരുന്ന ജഗ്ദീപ് സിംഗ് നാകൈ അതിന് ശേഷം ഇതുവരെ ശിരോമണി അകാലി ദളിന്റെ നേതാവായിരുന്നു. സുഖ്ബീർ സിംഗ് ബാദലിനെ ഇപ്പോഴും ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം എന്റെ നല്ല ഒരു സുഹൃത്തുമാണ്. പക്ഷെ പാർട്ടി നിലവിൽ അതിന്റെ പ്രഖ്യാപിത നയങ്ങളിൽ നിന്നും വ്യതിചലിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകർക്കും സിഖ് സമൂഹത്തിനും നൻമ ചെയ്യുകയെന്നതാണ് ശിരോമണി അകാലി ദളിന്റെ നയം. പക്ഷെ എന്നാൽ ഇപ്പോൾ ഇതിൽ നിന്നും അവർ വ്യതിചലിച്ചു തുടങ്ങി. ഈ ദൗത്യം ഇപ്പോൾ ഭംഗിയായി നിർവ്വഹിക്കുന്നത് നരേന്ദ്രമോദിയാണെന്നും നാകൈ പറഞ്ഞു. എൻഡിഎ ഘടകകക്ഷിയായിരുന്നു ശിരോമണി അകാലി ദൾ. എന്നാൽ കാർഷിക നിയമങ്ങളിൽ പ്രതിഷേധം ഉയർന്നതിന് പിന്നാലെ കേന്ദ്ര സഹമന്ത്രിസ്ഥാനം രാജിവെച്ച് മുന്നണി വിടുകയായിരുന്നു.
















Comments