ബീജിംഗ്: സമാധാനത്തിന്റെ സന്ദേശമെന്ന് പേരെടുത്ത ഒളിമ്പിക്‌സ് കാലത്തും ക്രൂരത തുടർന്ന് ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം. ലോകകായികമേള
തങ്ങളുടെ നാട്ടിൽ നടത്തിയാലും നയങ്ങളിൽ ഒരു മാറ്റവുമുണ്ടാകില്ലെന്ന് തെളിയിക്കുകയാണ് ചൈന.
വിദേശ വിനോദ സഞ്ചാരികളും കായികപ്രേമികളും ചൈനയിലേക്ക് കൂട്ടമായി എത്തുമ്പോഴും തങ്ങൾ നടത്തുന്ന മനുഷ്യാവകാശ നിയന്ത്രണങ്ങൾ പുറംലോകം അറിയാതിരിക്കാനാണ് ബീജിംഗ് ശ്രമം. സഞ്ചാരികളാരും ബുദ്ധവംശജരെ അടിച്ചമർത്തിവച്ചിരിക്കുന്ന ടിബറ്റിലെ പല പ്രദേശത്തേക്കും കടക്കാതിരിക്കാനാണ് ശ്രമം. അനുമതിയുള്ള മേഖലയിലാകട്ടെ തദ്ദേശീയർക്കടക്കം കടുത്ത നിയന്ത്രണമാണ് വരുത്തിയിട്ടുള്ളത്. ടിബറ്റൻ ജനത മറ്റുള്ളവരുമായി ഇടപെടാതിരിക്കാനുമാണ് ചൈന പ്രധാനമായും നോക്കുന്നത്. ഇതിന് കണക്കാക്കി യാത്രാ നിയന്ത്രണങ്ങളാണ് വരുത്തിയിരിക്കുന്നത്.
വരുന്ന ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളാണ് ടിബറ്റിനെ കാത്തിരിക്കുന്നത്. ടിബറ്റിന്റെ പ്രവിശ്യാ തലസ്ഥാനമായ ലാസാ മേഖലയിലെ ഷിഗാത്സേ, ചാംദോ, ദ്രാഗോ, നാഗ്ബാ, റെബ്‌കോംഗ് എന്നിവിടങ്ങളിലാണ് നിയന്ത്രണം. മനുഷ്യാവകാശ സംഘടനകളാണ് വിവരം പുറത്തുവിട്ടത്. ഓരോ സഞ്ചാരിയേയും വന്നിറങ്ങുന്ന സമയം മുതൽ നിരീക്ഷിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സൈന്യം എല്ലാ ഹോട്ടലുകളും റസ്‌റ്റോറന്റുകളും സോവനീർ ഷോപ്പുകളുമടക്കം പരിശോധിക്കുകയാണ്. ചൈന വിരുദ്ധ ലഘുലേഖകളുണ്ടോ എന്ന പരിശോധനയും ശക്തമാണ്. മൊബൈൽ സന്ദേശം പ്രചരിക്കാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്.
ലാസയിലേക്ക് കൂടുതൽ പട്ടാളത്തെ ഇറക്കിയാണ് ജനങ്ങളെ നിയന്ത്രിക്കുന്നത്. ലോക ജനതയെ ടിബറ്റിലെ ജനത അഭിസംബോധന ചെയ്യാതിരിക്കുക എന്നതിൽ കഴുകൻ കണ്ണുകളുമായിട്ടാണ് ബീജിംഗ് ഭരണകൂടം ഓരോ ചുവടും വയ്‌ക്കുന്നത്. ടിബറ്റ് സന്ദർശിക്കു ന്നതിൽ വിദേശ സഞ്ചാരികൾക്ക് വിലക്കില്ല. എന്നാൽ കടുത്ത നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
















Comments