ചരിത്രവും ഐതീഹ്യവും ലയിയ്‌ക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കേരളത്തിലെ 14 മഹാക്ഷേത്രങ്ങളിൽ ഒന്നായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് പാൽപ്പായസം. പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് നാവിൽ വെള്ളമൂറും. അത്രയ്‌ക്ക് രുചികരമാണ് ഭഗവാന്റെ പ്രസാദമായ ഈ പാൽപ്പായസം. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് എന്താണ് അമ്പലപ്പുഴ പാൽപ്പായസത്തെ ഇത്ര വ്യത്യസ്തമാക്കുന്നതെന്ന് നോക്കിയാലോ………….
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പ്രതിഷ്ഠയാണ് ഇവിടുത്തേത്. വിശ്വപ്രസിദ്ധമാണ് ക്ഷേത്രത്തിലെ പാൽപ്പായസം. ഇതിന്റെ ആരംഭത്തെ കുറിച്ച് ചില ഐതിഹ്യങ്ങൾ ഉണ്ട്.
ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യം ആയിരുന്നു. അവിടുത്തെ രാജാവിന്റെ പരദേവത ആയിരുന്നു അമ്പലപ്പുഴ കൃഷ്ണൻ. ചതുരംഗം കളിക്കുന്നതിൽ ഭ്രമമുണ്ടായിരുന്ന ചെമ്പകശ്ശേരി രാജാവ്, ഒരിക്കൽ തന്നെ തോല്പിക്കുവാൻ, മറ്റു കളിക്കാരെ വെല്ലുവിളിച്ചു. ഒരു സാധു മനുഷ്യനാണ് ആ വെല്ലുവിളി സ്വീകരിച്ചത്. പന്തയം ഇപ്രകാരമായിരുന്നു: രാജാവു തോറ്റാൽ 64 കളങ്ങളുള്ള ചതുരംഗപ്പലകയിൽ ഒന്നാമത്തേതിൽ ഒരു നെന്മണി, രണ്ടാമത്തേതിൽ രണ്ട്, മൂന്നാമത്തേതിൽ നാല് ഇങ്ങനെ ഇരട്ടപ്പെരുക്കത്തിൽ 64 കളങ്ങളും പൂർത്തിയാക്കിക്കിട്ടുന്ന നെല്ല് എതിരാളിക്കു നൽകണം. രാജാവിന് ഇതു നിസ്സാരമായി തോന്നി.
അങ്ങനെ കളി ആരംഭിച്ചു. പക്ഷേ അന്ന്, കളിയിൽ രാജാവു തോല്ക്കുകയും എതിരാളി പന്തയത്തുക കണക്കുതെറ്റാതെ നൽകണമെന്നു നിർബന്ധിക്കുകയും ചെയ്തു. കളങ്ങൾ പകുതി ആകുന്നതിനു മുൻപുതന്നെ രാജ്യത്തുള്ള നെല്ലു മുഴുവൻ തീർന്നു. ഒടുവിൽ പന്തയനെല്ലു കൊടുത്തു തീർക്കുവാൻ കഴിവില്ലെന്നു മനസ്സിലാക്കിയ രാജാവിന്റെ അഹങ്കാരം അസ്തമിച്ചു. എതിരാളിയുടെ മുഖത്തു നോക്കിയപ്പോൾ പുഞ്ചിരിച്ചുകൊണ്ടു നിൽക്കുന്ന ശ്രീകൃഷ്ണനെയാണു രാജാവിനു കാണുവാൻ കഴിഞ്ഞത്. രാജാവ് ക്ഷമായാചനം ചെയ്തു. ‘പന്തയം തീർന്നു; ദിവസം തോറും എനിക്കു പാൽപ്പായസം നിവേദിച്ചു കടം വീട്ടുക’ എന്നു ഭഗവാൻ അരുൾ ചെയ്തുവത്രെ.
അമ്പലപ്പുഴ പാൽപ്പായസവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്. ചെമ്പകശ്ശേരി രാജാവ് ഒരിക്കൽ നാടിന്റെ ആവശ്യങ്ങൾക്കായി ആനപ്രാമ്പൽ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേർന്ന് അതു മുപ്പത്തിയാറായിരം പറയായി വർദ്ധിച്ചു. രാജാവിനോട് കടബാദ്ധ്യത തീർക്കാൻ പലപ്രാവശ്യം ബ്രാഹ്മണൻ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം രാജാവ് ക്ഷേത്രദർശനത്തിനു എത്തിയപ്പോൾ ‘എന്റെ കടം തീർക്കാതെ രാജാവ് അകത്തു കടക്കരുത്’ എന്നു ബ്രാഹ്മണൻ വിളിച്ചുപറഞ്ഞു.
ഇത് കേട്ട്, സത്യസന്ധനായ രാജാവ് വിഷമിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരിൽനിന്നു കടംവാങ്ങി, അമ്പലത്തിന്റെ കിഴക്കേനടയിലുള്ള ആനക്കൊട്ടിലിൽ അളന്നുകൂട്ടിച്ചു. ഉച്ചശീവേലിക്കു മുൻപ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിർബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാൽ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാൻ നിവൃത്തിയില്ലാതെവന്നപ്പോൾ ആ ബ്രാഹ്മണൻ പശ്ചാത്താപവിവശനായി. ഇതിന് പ്രായിശ്ചിത്തമായി ആ നെല്ലും, അതിന്റെ പലിശയുംകൊണ്ട് നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാൽപ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അർപ്പിച്ചു.
അമ്പലപ്പുഴ പാൽപ്പായസത്തിന്റെ രുചി അനുഭവിച്ച തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താന്ധവർമ്മ കൃത്യമായ് ചേരുവകൾ ചേർത്ത് തിരുവിതാംകൂർ കൊട്ടാരത്തിൽ അമ്പലപ്പുഴപാൽപായസം ഉണ്ടാക്കി എന്നും ഐതിഹ്യം ഉണ്ട്.
തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട് അമ്പലപ്പുഴ പാൽപ്പായസത്തിന്. കേരളത്തിൽ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലും പാൽപ്പായസനിവേദ്യങ്ങൾ ഉണ്ടെങ്കിലും അമ്പലപ്പുഴ പാൽപ്പായസത്തിനോളം വരില്ല മറ്റുള്ളവയുടെ ഖ്യാധി.















Comments