കേരളത്തിലെ പ്രമുഖരായ നാല്‍പത്തിയെട്ട് പണ്ഡിതന്‍മാരില്‍ മുപ്പത്തിയെട്ടുപേരും മലപ്പുറത്തായിരുന്നു. കൃത്യമായി പറഞ്ഞാല്‍ വെട്ടത്തുനാട്ടില്‍. സാമൂതിരിയും വള്ളുവക്കോനാതിരിയും അരങ്ങുവാണിടം. അങ്കത്തട്ടില്‍ മിന്നലൊളിതീര്‍ത്ത മാമാങ്കത്തിന്റെ വീരചരിതങ്ങള്‍ ശംഖനാദം തീര്‍ത്ത നാട്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തിനുളള അര്‍ഹത പോലും മലപ്പുറത്തിന് കല്‍പിക്കപ്പെട്ടിരുന്നു.
തുഞ്ചന്റെ കിളിപ്പാട്ട് മാത്രമല്ല, പൂന്താനത്തിന്റെ ജ്ഞാനപ്പാനയും മേല്‍പ്പത്തൂരിന്റെ നാരായണീയവും തിരുമംഗലത്ത് നീലകണ്ഠന്‍ മൂസതിന്റെ മാതംഗലീലയും ഈ നാട്ടില്‍ നിന്ന് ലോകത്തിന് ജ്ഞാനപ്രകാശം പകര്‍ന്നു. മഹാപണ്ഡിതന്‍ തൃക്കണ്ടിയൂര്‍ അച്യുതപിഷാരടി, നീലകണ്ഠസോമയാജിപ്പാട്, ഗണിതശാസ്ത്രജ്ഞന്‍ വടശേരി പരമേശ്വരന്‍, ആലത്തിയൂര്‍ നമ്പീശന്‍…തുടങ്ങി 38 പണ്ഡിതന്‍മാരാല്‍ പുകള്‍പെറ്റ നാട്. അവരുടെ പേരോര്‍ക്കുന്നതുപോലും പുണ്യമായി കരുതേണ്ട നാട്ടില്‍ പക്ഷെ ഇവരെ ഓര്‍ക്കാന്‍ ഒന്നുമില്ല.
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനോളമോ, അദ്ദേഹത്തെക്കാളുമോ വിവിധ മേഖലയില്‍ ഔന്നത്യമുള്ളവരാണ് മറ്റുള്ളവരെല്ലാം തന്നെ. എന്നാല്‍ തുഞ്ചനുപോലും ഒരുപ്രതിമ സ്ഥാപിക്കാന്‍ ജന്‍മനാട്ടില്‍ അപ്രഖ്യാപിത വിലക്കാണ്. കടലുണ്ടിപ്പുഴയ്‌ക്കും തൂതപ്പുഴയ്‌ക്കും അക്കരെയുള്ള നാട്ടിലെല്ലാം സാംസ്‌കാരിക നായകര്‍ക്ക് പ്രതിമയുണ്ട്. മലപ്പുറത്തെത്തുമ്പോള്‍ പ്രതിമകള്‍ക്ക് വിലക്കാണ്. തുഞ്ചന്റെ ജന്‍മനാടായ തിരൂര്‍ നഗരസഭയില്‍ പ്രതിമസ്ഥാപിക്കാന്‍ ഒരുങ്ങിയെങ്കിലും രണ്ടുപതിറ്റാണ്ടുകാലമായി അപ്രഖ്യാപിത വിലക്ക് തുടരുകയാണ്.തിരൂര്‍ നഗരസഭയില്‍ പ്രതിമയക്ക് പകരം മഷിക്കുപ്പിയും പേനയും സ്ഥാപിച്ച് തുഞ്ചനെ വഞ്ചിച്ചുകൊണ്ട് നഗരസഭ മുഖംരക്ഷിച്ചു.
കോട്ടക്കലില്‍ ഒവി വിജയന്റെ പ്രതിമ സ്ഥാപിച്ചത് തകര്‍ത്തുകൊണ്ടാണ് വിഗ്രഹഭഞ്ജകര്‍ ഇരുട്ടിന്റെ മറവില്‍ ക്രൂരതകാട്ടിയത്. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ ഒ.വി.വിജന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന്റെ തലേന്ന് മൂക്കും വായും ഛേദിച്ചുകൊണ്ടാണ് ഇത്തരം ശക്തികള്‍ രംഗത്ത് എത്തിയത്. തുഞ്ചത്തെഴുത്തച്ഛനെ ഭാഷാപിതാവായി അംഗീകരിക്കുന്ന ലോകത്തെ മലയാളികളുടെ അഭിമാനത്തിന് ക്ഷതം തീര്‍ത്ത നടപടി കാലത്തിന് ഇപ്പുറവും സാംസ്‌കാരിക ലോകത്തിന് ഉണങ്ങാത്ത മുറിവാണ്.തിരുനാവായ ഗാന്ധി സ്മാരകത്തില്‍ ഗാന്ധിജി പ്രതിമയല്ലാതെ മലപ്പുറം ജില്ലയില്‍ പ്രതിമകള്‍ക്ക് അപ്രഖ്യാപിത വിലക്കാണ്.
അതെ സമയം തിരുവനന്തപുരം ഐരാണി മുട്ടം തുഞ്ചന്‍ സ്മാരകത്തിലും നെയ്യാറ്റിന്‍കര തുഞ്ചന്‍ ഗ്രാമത്തിലും പാലക്കാട് ആമക്കാവ് തുഞ്ചന്‍ ഗുരുകുലം ട്രസ്റ്റും തുഞ്ചന്‍ പ്രതിമ സ്ഥാപിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഈ സാംസ്‌കാരിക ഭൂമികയെ അടയാളപ്പെടുത്തണം. റെയില്‍വേ സ്റ്റേഷനില്‍ തുഞ്ചന്റെ കിളിപ്പാട്ട് ഉയരണമെന്നും തുഞ്ചന്‍പ്രതിമയും സാംസ്‌കാരിക നിലയവും റെയില്‍വേ സ്റ്റേഷന്‍ വളപ്പില്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം.
ഭാഷാപിതാവിനോടുളള അവഗണനയ്‌ക്ക് എതിരെ വലിയമുന്നേറ്റമാണ് അണിയറയില്‍ ഒരുങ്ങുന്നത്. മതമൗലിക ശക്തികള്‍ക്ക് കീഴടങ്ങാതെ ജാതി മത രാഷ്‌ട്രീയ ഭേദം മറന്ന് തുഞ്ചത്താചാര്യന്റെ പ്രതിമ സ്ഥാപിക്കാന്‍ നഗരസഭതയ്യാറാവണമെന്ന ആവശ്യം ശക്തമാണ്.പൊതുഇടങ്ങളില്‍ പ്രതിമകള്‍ വാഴാത്ത ജില്ലയായി മലപ്പുറം മാറുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം വേണം. ജില്ലയില്‍ സാംസ്‌കാരിക അടയാളങ്ങളെ ബോധപൂര്‍വ്വം തമസ്‌കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ബോധപൂര്‍വ്വമായ ചെറുത്തു നില്‍പ്പാണ് കാലം ആവശ്യപ്പെടുന്നത്.
















Comments