ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യം വധിച്ച രണ്ട് പ്രാദേശിക ഭീകരരെ തിരിച്ചറിഞ്ഞു. നിസാർ അഹമ്മദ് ഖാന്തേ, മുഫ്തി അൽതാഫ് എന്നിവരെയാണ് സൈന്യം വധിച്ചത്. ഇരുവരും ജെയ്ഷെ മുഹമ്മദ് ഭീകരരാണ്.
ഭീകരരുടെ പക്കൽ നിന്നും ഒരു എ-4 റൈഫിൾ, ഏഴ് മാഗസീനുകൾ, രണ്ട് എകെ സീരീസ് റൈഫിളുകളും അവയുടെ രണ്ട് മാഗസീനുകളും, പിസ്റ്റൽ, മൂന്ന് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു. അനന്തനാഗിലെ എസ്എസ്പി ആഷിഷ് ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
ഇന്നലെ വൈകിട്ടോടെ ആരംഭിച്ച ഏറ്റമുട്ടലുകളിൽ ആകെ ആറ് ഭീകരരെയായിരുന്നു സൈന്യം വകവരുത്തിയത്. രണ്ട് പേർ ഒഴികെ മറ്റുള്ളവർ പാകിസ്താനികളും ചിലരെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. കശ്മീരിലെ അനന്തനാഗിലും കുൽഗാമിലുമായി ഒരേസമയമാണ് ഏറ്റുമുട്ടൽ പുരോഗമിച്ചിരുന്നത്.
2021ൽ ആകെ 128 പേരാണ് തീവ്രവാദ സംഘടനകളുടെ ഭാഗമായത്. ഇവരിൽ 73 പേർ വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടുവെന്നും 16 പേർ അറസ്റ്റിലായെന്നും കശ്മീർ ഐജി വിജയ് കുമാർ പ്രതികരിച്ചു. നിലവിൽ 39 സജീവ ഭീകരരാണ് ഉള്ളത്. കഴിഞ്ഞ രണ്ട് വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഭീകര പ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ നിരക്ക് കുറഞ്ഞുവരുന്നതായാണ് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments